കൊല്ലം: പുനലൂർ മുക്കടവ് പാലത്തിന് സമീപമുള്ള റബർ തോട്ടത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമെന്ന് സ്ഥിരീകരണം. തോട്ടത്തിൽ അടുത്ത കാലത്തായി റബർ ടാപ്പിംഗ് നടന്നിരുന്നില്ല. ശങ്കരൻ കോവിൽ സ്വദേശിയായ സുരേഷ് ഇന്നലെ ഉച്ചയോടെ തോട്ടത്തിൽ മുളക് ശേഖരിക്കാൻ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിൽ കുത്തേറ്റതിന്റെ മുറിവുകളുണ്ട്. തീപ്പൊള്ളലേറ്റിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹത്തിന് ഒരാഴ്‌ചയിലേറെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടന്നത്.
കൈകാലുകൾ വലിയ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് ബന്ധിച്ച് മരത്തിൽ പൂട്ടിയ നിലയിൽ തറയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ബാഗ്, കത്രിക, കന്നാസ്, കുപ്പി എന്നിവ കണ്ടെത്തി. മൃതദേഹത്തിന്റെ കഴുത്തിൽ മാലയും ശരീരത്തിൽ വസ്ത്രങ്ങളും ഉണ്ടായിരുന്നു.
മുക്കടവ് പാലത്തിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെ ഒറ്റപ്പെട്ട വലിയ മലയിലാണ് റബർ തോട്ടം. പുനലൂർ എസ്.എച്ച്.ഒ ടി. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പുനലൂർ പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. കൊല്ലത്ത് നിന്ന് ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |