
തിരുവനന്തപുരം: നഗരൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസ് ജീപ്പ് തടഞ്ഞ് എസ്ഐയടക്കമുള്ളവർക്ക് നേരെ അസഭ്യവർഷം നടത്തിയ സംഭവത്തിൽ കേസെടുത്തു. ഒൻപത് സിപിഎം - ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ രണ്ടുപേർ പിടിയിലായി.
വിഷ്‌ണു, ഫൈസൽ, രതീഷ്, തിരിച്ചറിയാൻ കഴിയുന്ന മറ്റ് ആറുപേർ എന്നിവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിഷ്ണു, രതീഷ് എന്നിവരെയാണ് ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ സ്‌ക്വാഡും, ആറ്റിങ്ങൽ സിഐയും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പിടികൂടിയത്. ഇവർ നിലവിൽ ആറ്റിങ്ങൽ ഡിവൈഎസ്‌പി ഓഫീസിലാണുള്ളത്.
കഴിഞ്ഞദിവസം കോൺഗ്രസിന്റെ ഫ്‌ളക്‌സ് ബോർഡ് തകർത്ത സംഭവത്തിൽ ഉൾപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് പൊലീസ് നോട്ടീസ് നൽകിയതാണ് പ്രകോപനത്തിനുകാരണം. ഇതിൽ പ്രകോപിതരായ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസിന്റെ വാഹനം തടയുകയും നഗരൂർ എസ്‌ഐയടക്കം ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണത്തിന് ശ്രമിക്കുകയും അസഭ്യം പറയുകയുകയുമായിരുന്നു. പ്രകോപിതരായി ഡിവൈഎഫ്‌ഐ പ്രവർത്തകർ പെരുമാറുന്നതും മുതിർന്ന പ്രവർത്തകർ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലുണ്ട്.
ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേൽക്കാനിടയായ സംഭവത്തിന് പിന്നാലെ സിപിഎം, ഡിവൈഎഫ്‌ഐ പ്രകടനങ്ങൾ സംസ്ഥാനത്തുടനീളം നടന്നിരുന്നു. ഇതിന്റെ ഭാഗമായി കോൺഗ്രസിന്റെ ഓഫീസുകൾ ആക്രമിക്കപ്പെടുകയും ഫ്‌ളക്‌സുകൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ഇത്തരം ആക്രമണം നഗരൂരിലും നടന്നിരുന്നു. കോൺഗ്രസ് ഫ്‌ളക്‌സ് ബോർഡുകൾ തകർക്കപ്പെട്ടതോടെ യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി. ഈ കേസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു. ഇതിന്റെ നോട്ടീസ് നൽകാനെത്തിയപ്പോഴും തുടർന്നുമാണ് പൊലീസിന് നേരെ ആക്രമണശ്രമം ഉണ്ടായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |