
കാലടി: മലയാറ്റൂർ സ്വദേശി ചിത്രപ്രിയ (19) കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. പ്രതിയായ അലൻ (21) യുവതിയുടെ തലയിൽ 20 കിലോഗ്രാം ഭാരമുള്ള കല്ലിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. കൃത്യം നടത്തിയതിനുശേഷം പ്രതി വേഷം മാറി മറ്റൊരു ബൈക്കിലാണ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. ഈ ബൈക്ക് എത്തിച്ച അലന്റെ സുഹൃത്തിനായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അലൻ നേരത്തെയും ചിത്രപ്രിയയെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാസങ്ങൾക്കുമുൻപ് ബംഗളൂരുവിൽ നിന്നുവന്ന യുവതിയെ കാലടി പാലത്തിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ പദ്ധതിയിട്ടിരുന്നതായും പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്താൻ ഒരു സംഘം ബംഗളൂരുവിലേക്ക് പോയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഡിസംബർ ആറിനാണ് ചിത്രപ്രിയയെ കാണാതായത്. മറ്റൊരു യുവാവുമായി ചിത്രപ്രിയ പ്രണയത്തിലാണെന്ന് സംശയിച്ച അലൻ ബൈക്കിൽ കയറ്റി റബർ തോട്ടത്തിൽ എത്തിക്കുകയും വാക്കുതർക്കത്തിനിടെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തുകയുമായിരുന്നു. അഞ്ചുവർഷം നീണ്ടുനിന്ന പ്രണയം പറഞ്ഞ് അവസാനിപ്പിക്കാനാണ് ചിത്രപ്രിയയും അലനും ആളൊഴിഞ്ഞ റബർ തോട്ടത്തിൽ ഒന്നിച്ചുകൂടിയതെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. വാക്കുതർക്കത്തിനിടെ ഓരോ കാരണങ്ങൾ പറഞ്ഞ് ചിത്രപ്രിയ തുരുതുരെ മുഖത്തടിച്ചതോടെ സമനില തെറ്റിയ അലൻ വെട്ടുക്കല്ല് കഷണംകൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. മൃതദേഹത്തിനു സമീപത്തുനിന്ന് രക്തംപുരണ്ട കല്ല് കണ്ടെത്തിയിരുന്നു. തലയോട്ടി തകർന്ന് ചോരവാർന്നാണ് ചിത്രപ്രിയ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |