ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെതിരെ സമൂഹമാദ്ധ്യമത്തിലൂടെ മോശം പരാമർശം നടത്തിയ സിപിഎം ലോക്കൽ കമ്മിറ്റിയംഗം അറസ്റ്റിൽ. അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റിയംഗം കരുമാടി യമുന ഭവനിൽ മിഥുൻ മോഹൻ (27) ആണ് അറസ്റ്റിലായത്.ശേഷം ജാമ്യത്തിൽ വിട്ടയച്ചു. ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ് സെക്രട്ടറിയും അമ്പലപ്പുഴ ക്ഷേത്രത്തിലെ താത്‌കാലിക ജീവനക്കാരനുമാണ് മിഥുൻ. അസഭ്യം പറയുക, അപകീർത്തിപ്പെടുത്തുക, ഇലക്‌ട്രോണിക് മാദ്ധ്യമത്തിലൂടെ അസഭ്യപരാമർശം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ലഹരിക്കെതിരെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ആലപ്പുഴ കടപ്പുറത്ത് നടത്തിയ സമൂഹനടത്തത്തെ അഭിനന്ദിച്ച് ജി സുധാകരൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനുതാഴെയാണ് മിഥുൻ അസഭ്യപരാമർശങ്ങൾ നടത്തിയത്. തുടർന്ന് ജി സുധാകരൻ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. മിഥുൻ ക്ഷേത്ര ഭരണ ചട്ടങ്ങളുടെ ലംഘനം നടത്തിയതായും പരാതിയിൽ പറയുന്നു. കമന്റിന്റെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെയാണ് ജി സുധാകരൻ പരാതി നൽകിയത്. ഇതിനുപിന്നാലെ ഫേസ്‌ബുക്കിൽ നിന്ന് പ്രതിയുടെ കമന്റ് അപ്രത്യക്ഷമായിരുന്നു.
പ്രൗഡ് കേരള എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു ജാഥ നടന്നത്. ജാഥയെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അഭിനന്ദിച്ചിരുന്നു. കെ സി വേണുഗോപാൽ, ഷാനിമോൾ ഉസ്‌മാൻ, പി ചിത്തരഞ്ജൻ തുടങ്ങിയ നേതാക്കളും ജാഥയിൽ പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |