കുറ്റ്യാടി: വിലങ്ങാട് വാളൂക്ക് പുഴയരികിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടെ താമസിച്ചിരുന്ന ആൾ കസ്റ്റഡിയിൽ. വിലങ്ങാട് അടുപ്പിൽ കോളനിയിലെ വാസു (എലുമ്പൻ-57) എന്നയാളെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തു. പേരാമ്പ്ര മുതുകാട് കോളനിയിൽ വച്ചാണ് കുറ്റ്യാടി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ യു.പി. വിപിൻ, എസ്.ഐമാരായ കെ.കെ.നിഖിൽ, എം സലാം, സി പി.ഒമാരായ കെ. വിപിൻ, വിജയൻ എന്നിവരുടെ നേതൃത്വത്തിൻ അറസ്റ്റ് ചെയ്തത്. തുടർന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി വൈദ്യ പരിശോധനയ്ക്ക് ശേഷംനാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് വിലങ്ങാട് വാളൂക്ക് പുഴയിൽ സോണിയ എന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ പുഴയിലെ പാറക്കെട്ടുകൾക്കിടയിൽ നിന്നും വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് വാളൂർ പുഴയോരത്ത് മീൻ പിടിക്കാൻ പോയ ഇരുവരും മദ്യപിക്കുകയും തുടർന്ന് വാക്കേറ്റമുണ്ടാവുകയും സോണിയയെ പാറമുകളിൽ നിന്നും തള്ളിയിടുകയുമായിരുന്നുവെന്നും മൃതശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
വയനാട് നിരവിൽപ്പുഴ അരിമല കോളനിയിൽ താമസിക്കുന്ന സോണിയ ഭർത്താവ് വിലങ്ങാട് കെട്ടിൽ കോളനി മോഹന്റെ മരണത്തോടെ വയനാട്ടിലായിരുന്നു താമസം. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതശരീരം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്‌മോർട്ടത്തിന്ന് ശേഷം വയനാട് അരിമല കോളനിയിൽ സംസ്‌കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |