വാഷിംഗ്‌ടൺ: പുതിയ ഹെയർസ്റ്റെെൽ ഇഷ്ടമാകാത്തതിനെ തുടർന്ന് കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ 49കാരൻ പിടിയിൽ. അമേരിക്കയിലെ പെൻസിൽവാനിയയിലാണ് സംഭവം നടക്കുന്നത്. 50കാരിയായ കാർമെൻ മാർട്ടിനെസ് സിൽവയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ബെഞ്ചമിൻ ഗാർസിയ ഗുവലിനെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് പിടികൂടി.
കാർമെൻ മുടിവെട്ടിയതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. കാർമെൻ മുടിമുറിച്ച് വീട്ടിലെത്തിയ മുതൽ ബെഞ്ചമിൻ അസ്വസ്ഥനായിരുന്നു. തുടർന്ന് പുതിയ ഹെയർസ്റ്റെലിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. വീട്ടിൽ നിൽക്കുന്നത് അപകടമാണെന്ന് മനസിലാക്കിയ 50കാരി ഉടൻ തന്റെ മകളുടെ വീട്ടിലേക്ക് പോയി. അവിടെ അന്ന് രാത്രി ചെലവഴിക്കാൻ തീരുമാനിച്ചു.
എന്നാൽ അവിടെ സുരക്ഷിതമല്ലെന്ന് തോന്നിയ കാർമെൻ അവിടെ നിന്ന് സഹോദരന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ബെഞ്ചമിടുമായുള്ള ബന്ധം അവസാനിപ്പിച്ചതായി സുഹൃത്തിനെ വിളിച്ച് അറിയിച്ചിരുന്നു. കാർമെനെ കാണാനായി ബെഞ്ചമിൻ സഹോദരന്റെ വീട്ടിലെത്തി. എന്നാൽ കാർമെൻ വീട്ടിൽ വന്നിട്ടില്ലെന്ന് പറഞ്ഞ് സഹോദരൻ ബെഞ്ചമിനെ മടക്കി അയച്ചു.
തിരികെ പോയ ബെഞ്ചമിൽ അല്പസമയത്തിനകം കത്തിയുമായി തിരികെ എത്തി. ബെല്ലടി കേട്ട് വാതിൽ തുറന്ന സഹോദരനെ ബെഞ്ചമിൻ കുത്തിപ്പരിക്കേൽപ്പിച്ചു. സഹോദരന്റെ നിലവിളി കേട്ട് ഓടിയെത്തിയ കാർമെന് നേരെയായി പിന്നീടുള്ള ആക്രമണം. കാർമെനെ രക്ഷിക്കാനെത്തിയവരെയും ബെഞ്ചമിൻ ആക്രമിച്ചു. വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോഴേയ്ക്കും കാർമെൻ മരിച്ചിരുന്നു. മൃതദേഹത്തിന് അരികിൽ കത്തിയുമായി നിൽക്കുന്ന ബെഞ്ചിമിനെ പിന്നാലെ അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |