കാക്കനാട്: പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ സഹപാഠികൾ നായ്ക്കുരണ പൊടി വിതറിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. നേരത്തെ പൊലീസ് കേസ് അന്വേഷിക്കാൻ മടിച്ചതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർക്കും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കും അമ്മ പരാതി നൽകുകയായിരുന്നു. തുടർന്നാണ് കേസ് അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്.
കാക്കനാട് തെങ്ങോട് ഗവ. ഹൈസ്‌കൂളിൽ ഫെബ്രുവരി മൂന്നിനാണ് സംഭവം. ഇൻഫോപാർക്ക് സി.ഐ ജെ.എസ്. സജീവ് കുമാറിന്റെ നിർദ്ദേശപ്രകാരം ഇന്നലെ വൈകിട്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിലെത്തുകയും കുട്ടിയുടെയും അമ്മയുടെയും മൊഴി എടുക്കുകയും ചെയ്തു. തുടർന്ന് രണ്ട് അദ്ധ്യാപകർക്കെതിരെ കേസെടുക്കാനും നാല് വിദ്യാർത്ഥികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നടപടി എടുക്കാനും തീരുമാനിച്ചെന്ന് പൊലീസ് അറിയിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെയും ഡി.ഇ.ഒ., എ.ഇ.ഒ. ഓഫീസിലെയും ഉദ്യോഗസ്ഥർ അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കുട്ടിയുടെ വീട്ടിലും സ്‌കൂളിലുമെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.
മറ്റൊരു പെൺകുട്ടി കൊണ്ടുവന്ന നായ്ക്കുരണ കായ ആൺകുട്ടികൾ എറിഞ്ഞു കളിച്ചപ്പോൾ പെൺകുട്ടിയുടെ ദേഹത്ത് വീണതാണെന്നാണ് സ്‌കൂൾ അധികൃതർ വിശദീകരിച്ചത്. എന്നാൽ, മറ്റൊരു പെൺകുട്ടിക്ക് നേരെ പ്രയോഗിക്കാൻ കൊണ്ടുവന്ന പൊടിയാണ് തന്റെ ദേഹത്ത് ഇട്ടതെന്നും തൊട്ടു പിന്നാലെ ചൊറിച്ചിൽ സഹിക്കാൻ വയ്യാതെ കടുത്ത പ്രയാസത്തിലായെന്നും പെൺകുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. പരാതിയിൽ നടപടി വേണമെന്ന് കുട്ടിയുടെ മാതാവും ആവശ്യപ്പെട്ടു. ശാരീരിക പ്രയാസങ്ങൾ ഉണ്ടെങ്കിൽ പെൺകുട്ടിക്ക് എസ്.എസ്.എൽ.സി. പരീക്ഷയെഴുതാൻ സഹായിയെ നൽകാമെന്ന് അറിയിച്ചെങ്കിലും സ്വയം എഴുതാനാണ് ഇഷ്ടമെന്ന് കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |