എട്ട് പ്രതികളെ വിട്ടയച്ചു
തിരുവനന്തപുരം: ഗുണ്ടാപ്പകയുടെ പേരിൽ അഴൂർകടവ് കാറ്റാടിമുക്ക് സ്വദേശി കുഞ്ഞുമോൻ എന്ന കണ്ണൻ കുഞ്ഞുമോനെ കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെ ജീവപര്യന്തം കഠിന തടവിനും 6,30,000 രൂപ വീതം പിഴയ്ക്കും കോടതി ശിക്ഷിച്ചു.പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണം.ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൺ മോഹനാണ് ശിക്ഷിച്ചത്. 13 പ്രതികളുണ്ടായിരുന്ന കേസിൽ എട്ട് പ്രതികളെ കോടതി വെറുതെ വിട്ടു.ഒരു പ്രതി വിചാരണയ്ക്കിടെ ഒളിവിൽ പോയിരുന്നു. അഴൂർ പണ്ടാരംവിള ലക്ഷം വീട് കോളനി സ്വദേശികളായ സണ്ണി, ഷിബു എന്ന കൊച്ചുകുട്ടൻ, അഴൂർ ഹൈസ്‌കൂളിന് സമീപം താമസക്കാരായ ബിനു എന്ന കറുമ്പൻ, ഷൈജു എന്ന പൊക്കം ഷൈജു എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികൾ പിഴത്തുക അടച്ചാൽ അതിൽനിന്ന് അഞ്ച് ലക്ഷം രൂപ വീതം കൊല്ലപ്പെട്ട കുഞ്ഞുമോന്റെ മാതാവ് രമ, ഭാര്യ ഷീജ, മക്കളായ ജീവൻ, ജഗൻ, വിഷ്ണു എന്നിവർക്ക് നൽകാനും കോടതി ഉത്തരവിട്ടു. ഇതിന് പുറമെ ഇവർക്ക് ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്ന് നഷ്ടപരിഹാരം ഉറപ്പു വരുത്തണമെന്നും ഉത്തരവിലുണ്ട്.
പെരുങ്ങുഴി സ്വദേശി ബിജു എന്ന നരി ബിജുവാണ് വിചാരണക്കിടെ ഒളിവിൽ പോയത്. അയിരൂപ്പാറ സ്വദേശി ബൈജു,ചിറയൻകീഴ് സ്വദേശി സെറിൻ,ആറ്റിങ്ങൽ സ്വദേശി രാജേഷ്, മുല്ലറങ്കോട് സ്വദേശി സുനിൽകുമാർ, ആറാമട സ്വദേശി സതീഷ്, ചെമ്മരുത്തി സ്വദേശി പ്രമോദ്, അഴൂർ സ്വദേശികളായ ഷിജു, വിനോദ് എന്നീ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. 2008 ഡിസംബർ നാലിന് വൈകിട്ട് 5.30ന് പെരുങ്ങുഴി അനുപമ ജംഗ്ഷനിലൂടെ നടന്നുപോയ കുഞ്ഞുമോനെ പ്രതികൾ പിന്നിൽ നിന്ന് മാരുതി ആൾട്ടോ കാർ കൊണ്ട് ഇടിച്ചിട്ട ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട കുഞ്ഞുമോനും നിരവധി കേസുകളിൽ പ്രതിയായിരുന്നു.എതിർ ചേരിയിലുളള കുഞ്ഞുമോനോടുളള ഗുണ്ടാപ്പകയായിരുന്നു കൊലയ്ക്ക് പ്രതികളെ പ്രേരിപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |