പാപ്പിനിശ്ശേരി (കണ്ണൂർ): പിതൃസഹോദരന്റെ നാലുമാസം പ്രായമുള്ള പെൺകുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ പന്ത്രണ്ടുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കി.തന്നോടുള്ള സ്നേഹം കുറയുമെന്ന് ഭയന്നാണ്
മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടി ഈ കടുംകൈ ചെയ്തത്.
കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ വാടക ക്വാർട്ടേഴ്സിൽ കഴിയുന്ന തമിഴ്നാട് സ്വദേശികളായ മുത്തുവിന്റെയും അക്കമ്മയുടെയും മകൾ യാസികയാണ് കൊല്ലപ്പെട്ടത്. ഇവരുടെ സംരക്ഷണയിലായിരുന്നു പെൺകുട്ടി.
ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് കുട്ടി കണ്ണൂർ എ.സി.പി രത്നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് മൊഴി നൽകി.
തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് മാതാപിതാക്കൾക്കൊപ്പം കിടക്കുകയായിരുന്ന കുഞ്ഞിനെ കാണാതായത്. കുഞ്ഞിനെ കാണാനില്ലെന്ന് മാതാപിതാക്കളെ വിളിച്ചുണർത്തി പറഞ്ഞതും പന്ത്രണ്ടുകാരിയായിരുന്നു.നാട്ടുകാർ തിരച്ചിൽ നടത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. താമസിയാതെ തൊട്ടടുത്തുള്ള കിണറ്റിൽ കണ്ടെത്തിയ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മുത്തുവിന്റെ മൂത്ത സഹോദരന്റെ കുട്ടിയാണ് പന്ത്രണ്ടുകാരി.
ഒന്നര വർഷം മുമ്പ് വിവാഹിതരായ മുത്തുവും അക്കമ്മയും കൂലിപ്പണിക്കാരാണ്. പെരുമ്പല്ലൂർ ജില്ലയിലെ മാവട്ടം സ്വദേശികളായ ദമ്പതികൾ, പ്രസവം കഴിഞ്ഞ് കുഞ്ഞുമായി മടങ്ങവേ പന്ത്രണ്ടുകാരിയെ കൂടെകൂട്ടുകയായിരുന്നു.
മൂന്നാഴ്ച മുമ്പാണ് ഈ താമസസ്ഥലത്ത് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.
മൃതദേഹം കണ്ണൂർ ജില്ല ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി.എ.സി.പി. കാർത്തിക്കിന്റെ നേതൃത്വത്തിൽ സി.ഐ ടി.പി.സുമേഷ്, എസ്.ഐ.മാരായ വിപിൻ, സുരേഷ് ബാബു, അജയൻ, എ.എസ്. ഐ.മാരായ സജേഷ്, സനൽ വനിത എ.എസ്.ഐ. നീതുഎന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.
12 മണിക്കൂറോളം
കഴിഞ്ഞ് കുറ്റസമ്മതം
# തിങ്കളാഴ്ച രാത്രിയിൽ മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ പന്ത്രണ്ടുകാരി വീടിന്റെ പിന്നാമ്പുറത്തുള്ള കിണറിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞ് ഒന്നും അറിയാത്ത മട്ടിൽ വന്ന് കിടന്നു. കുഞ്ഞിനെ കാണാനില്ലെന്ന് മാതാപിതാക്കളെ വിളിച്ചുണർത്തി പറയുകയും ചെയ്തു.
# കിണറ്റിലിട്ടത് താനാണെന്ന് പൊലീസിനോട് സമ്മതിച്ചത് ഇന്നലെ ഉച്ചക്ക് പന്ത്രണ്ടുമണിയോടെ. അച്ഛനും അമ്മയുമില്ലാത്ത തന്നെ സ്‌നേഹിക്കാൻ ആരും ഇല്ലെന്ന നിരാശയും കുഞ്ഞിനോട് അതിന്റെ മാതാപിതാക്കൾ കാട്ടിയ അതീവ സ്നേഹവും ക്രൂരകൃത്യം ചെയ്യാൻ ബാലികയെ പ്രേരിപ്പിച്ചതായി പൊലീസ് പറഞ്ഞു.
# പെൺകുട്ടിയുടെ മനോദൗർബല്യമുള്ള പിതാവിനെ മാതാവ് ഉപേക്ഷിച്ചിരുന്നു. മൂന്നു മാസംമുമ്പ് പിതാവും മരിച്ചു. അതോടെയാണ് മുത്തുവും ഭാര്യയും സംരക്ഷണം ഏറ്റെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |