ബംഗളൂരു: ദിവസങ്ങൾക്ക് മുമ്പ് കാണാതായ 13കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ നിശ്‌ചിത്തിന്റെ മൃതദേഹമാണ് ആളൊഴിഞ്ഞ പ്രദേശത്ത് നിന്നും കണ്ടെത്തിയത്. ബുധനാഴ്‌ച ട്യൂഷന് പോയി മടങ്ങിവരുമ്പോഴാണ് നിശ്‌ചിത്തിനെ കാണാതായത്.
രാത്രി ഏഴ് മണിയായിട്ടും കുട്ടിയെ കാണാതായതോടെ കുടുംബം ട്യൂഷൻ സെന്ററിൽ അന്വേഷിച്ചു. കൃത്യസമയത്ത് തന്നെ സെന്ററിൽ നിന്ന് ഇറങ്ങിയതായി അദ്ധ്യാപകൻ അറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ നിശ്‌ചിത്തിന്റെ സൈക്കിൾ അടുത്തുള്ള പാർക്കിൽ നിന്ന് കണ്ടെത്തി. അതിനിടെ നിശ്‌ചിത്തിന്റെ പിതാവും സ്വകാര്യ കോളേജിലെ അദ്ധ്യാപകനുമായ ജെസി അചിതിന് അജ്ഞാത വ്യക്തിയിൽ നിന്ന് സന്ദേശം ലഭിച്ചു. കുട്ടിയെ വിട്ടുകിട്ടണമെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്നായിരുന്നു ആവശ്യം. തുടർന്ന് ഇവർ ഹുളിമാവ് പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പകുതിയിലേറെയും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ബംഗളൂരു റൂറൽ എസ്‌പി സികെ ബാബ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. മാതാപിതാക്കൾ വിവരം പൊലീസിൽ അറിയിച്ചു എന്ന് മനസിലാക്കിയ പ്രതികൾ കുട്ടിയെ മർദിച്ച ശേഷം തീയിട്ട് കൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ നിഗമനം. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.
സംശയം തോന്നിയ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയുടെ വീട്ടിൽ ഡ്രൈവറായിരുന്ന ഗുരുമൂർത്തി, സുഹൃത്ത് ഗോപികൃഷ്‌ണ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച ഇരുവരെയും കാലിൽ വെടിവച്ചാണ് പിടികൂടിയത്. വിശദമായ ചോദ്യംചെയ്യലിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളു എന്നാണ് പൊലീസ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |