ആലപ്പുഴ: തഴക്കര സ്വദേശിയിൽ നിന്നും ഓൺലൈൻ ജോബ് ടാസ്‌ക് എന്ന പേരിൽ 25000 രൂപ തട്ടിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഡൽഹി ഉത്തം നഗർ സ്വദേശിയായ ആകാശ് ശ്രീവാസ്തവയെ (28) ആണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് ഡൽഹി ഉത്തംനഗറിലുള്ള ബുദ്ധ് വിഹാറിൽ നിന്ന് അറസ്റ്റ് ചെയ്തത്.
മാർക്കറ്റിംഗ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞു ആൾമാറാട്ടം നടത്തി വാട്‌സാപ്പ് വഴി പരാതിക്കാരനെ ബന്ധപ്പെട്ടാണ് തട്ടിപ്പു നടത്തിയത്. ഓൺലൈൻ ടാസ്‌ക് എന്ന പേരിൽ പരാതിക്കാരന് ഗൂഗിൾ മാപ് ലിങ്ക് അയച്ചു കൊടുക്കുകയും ഹോട്ടലുകൾക്ക് റേറ്റിംഗ് ചെയ്യിപ്പിച്ച ശേഷം ചെറിയ തുകകൾ പ്രതിഫലം നൽകി വിശ്വസിപ്പിച്ചുമാണ് തട്ടിപ്പിന് തുടക്കമിട്ടത്. രണ്ട് ഇടപാടുകളിലായി 25000 രൂപയാണ് പരാതിക്കാരന് നഷ്ടമായത്.
2024 ജനുവരിയിൽ ആലപ്പുഴ തഴക്കര സ്വദേശിയുടെ പരാതിയിൽ ആലപ്പുഴ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ച കേസിൽ 2024 ജൂൺ ഒന്നിന് പ്രതിക്ക് നോട്ടീസ് നല്കിയിരുന്നു. ജൂലായ് 14ന് അന്വേഷണം പൂർത്തിയാക്കി ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്തിമറിപ്പോർട്ട് നൽകി. തുടർന്ന് കോടതി ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട്പുറപ്പെടുവിച്ചു. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആർ.പത്മരാജിന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഓമാരായ ബി.ബിജു, എസ്.ഷിബു, എം.അജയകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |