തിരുവനന്തപുരം: വാടകവീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ ഏജീസ് ഓഫീസിലെ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസറെ എക്‌സൈസ് പിടികൂടി. കലേശ്വരം ആര്യങ്കുഴി കൈരളി നഗർ കാർത്തികയിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശി ജെതിനെ(27)നെയാണ് എക്‌സൈസ് തിരുവനന്തപുരം സ്ക്വാഡ് പിടികൂടിയത്.
4മാസം പ്രായമുള്ളതടക്കം അഞ്ച് കഞ്ചാവ് ചെടികളാണ് വീടിന്റെ ഒന്നാം നിലയിൽ നിന്ന് പിടിച്ചെടുത്തത്. കഞ്ചാവിന്റെ വിത്തുകളും ജെതിന്റെ മുറയിൽ നിന്ന് കണ്ടെടുത്തു. ജെതിനും യു.പി,ബീഹാർ സ്വദേശികളുമടക്കം മൂന്ന് ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. ഇതിൽ ജെതിൻ താമസിക്കുന്ന ഒന്നാം നിലയിലെ മുറിക്ക് മുന്നിൽ നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. തൊട്ടടുത്ത പുരയിടത്തിൽ കള്ള് ചെത്തുന്നവരാണ് സംശയം തോന്നി എക്‌സൈസിനെ അറിയിച്ചത്.
കള്ള് ചെത്താൻ തെങ്ങിൽ കയറിയപ്പോഴാണ് ടെറസിൽ ചെടികൾ കണ്ടത്. വ്യാഴാഴ്ച എക്‌സൈസ് ഇവിടെ ചെത്താനുള്ള തെങ്ങുകൾ പരിശോധിക്കാനെത്തിയിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് വീട്ടിൽ വളർത്തിയത് കഞ്ചാവ് ചെടികൾ തന്നെയെന്ന് സ്ഥിരീകരിച്ചത്.
എക്‌സൈസ് സ്ക്വാഡ് സി.ഐ ഷാജഹാൻ,അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |