തിരുവനന്തപുരം: പേരൂർക്കട വിനീത കൊലക്കേസിൽ പ്രതി രാജേന്ദ്രന്റെ ശിക്ഷ വ്യാഴാഴ്ച വിധിക്കും.ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൺ മോഹൻ ഇന്നലെ കേസ് പരിഗണിച്ചപ്പോൾ താൻനിരപരാധിയാണെന്നും ചെയ്യാത്ത കുറ്റത്തിനാണ് കോടതി ശിക്ഷിക്കാൻ പോകുന്നതെന്നും പ്രതി പറഞ്ഞു.
എന്നാൽ കൊലപാതക പരമ്പര നടത്തിയിട്ടുളള പ്രതി പൊതുസമൂഹത്തിന് ഭീഷണിയാണെന്നും വധശിക്ഷയിൽ കുറഞ്ഞതൊന്നും നൽകരുതെന്ന് പ്രോസിക്യൂഷനും വാദിച്ചു.മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നൽകിയ റിപ്പോർട്ടുകളെ സംബന്ധിച്ച് കോടതി ചോദിച്ചപ്പോൾ തന്റെ പേരും വയസും ചോദിച്ച ശേഷം രക്തസാമ്പിളുകൾ ശേഖരിച്ചെന്നും മൂന്ന് ദിവസം ഒരു മുറിയിൽ അടച്ചിട്ടതല്ലാതെ യാതൊരു പരിശോധനയും നടത്തിയില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.ചെയ്ത തെറ്റിൽ പശ്ചാത്താപമുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ചെയ്തിട്ടില്ലാത്തതിനാൽ പശ്ചാത്താപം തീരെയില്ലെന്നായിരുന്നു മറുപടി. നിരപരാധിയായ തന്നെ ശിക്ഷിച്ചാൽ മേൽക്കോടതിയെ സമീപിച്ച് നിരപരാധിത്വം തെളിയിക്കുമെന്നും പ്രതി അവകാശപ്പെട്ടു. 70 വയസ് കഴിഞ്ഞ അമ്മയ്ക്ക് ഏക ആശ്രയം താനാണെന്നും പ്രതി പറഞ്ഞു. കോടതിയോട് ദ്വിഭാഷിയുടെ സഹായത്താൽ വളരെ വ്യക്തമായാണ് പ്രതി കാര്യങ്ങൾ വിശദീകരിച്ചത്.അതേസമയം ജില്ലാ കളക്ടറുടെയടക്കം ഏഴ് റിപ്പോർട്ടുകളും പ്രതിക്കെതിരായിരുന്നു.ചെയ്ത തെറ്റിനെക്കുറിച്ച് പശ്ചാത്താപമില്ലാത്ത പ്രതിക്ക് മാനസിക പരിവർത്തനത്തിന് സാദ്ധ്യതയില്ലെന്ന മനോരോഗ വിഗ്ദ്ധരുടെ റിപ്പോർട്ടും ഇക്കൂട്ടത്തിലുണ്ട്. 2022 ഫെബ്രുവരി 6നാണ് പേരൂർക്കടയിലെ അലങ്കാര ചെടി വില്പനശാല ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂർ ചെറുകോണത്ത് വിനീതയെ തമിഴ്നാട് തോവാള വെള്ളമഠം രാജീവ് നഗറിൽ രാജേന്ദ്രൻ കൊലപ്പെടുത്തിയത്. ചെടിവാങ്ങാനെന്ന വ്യാജേനയെത്തിയ പ്രതി വിനീതയെ കൊലപ്പെടുത്തി നാലരപ്പവൻ തൂക്കമുള്ള മാല കവർന്നെന്നാണ് കേസ്. പ്രോസിക്ക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ,ദേവിക മധു,ഫസ്ന.ജെ എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |