മുണ്ടക്കയം ഈസ്റ്റ് : മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ അഞ്ചംഗ സംഘത്തെ സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി പൊലീസ്. പത്തനാട് നെടുംകുന്നം സ്വദേശികളായ അനന്തു ഷാജി (22), മിഥുൻ (21), അഖിൽ (24), ജിബിൻ (23), ഷിബിൻ (18) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. പെരുവന്താനം എസ്.ഐ എം.എ ബിനോയി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിനീഷ് ദാസ്, സി.പി.ഒ ജോമോൻ എന്നിവർ വാഹന പരിശോധന നടത്തുന്നതിനിടെ ഇടുക്കി ഭാഗത്ത് നിന്ന് വന്ന പിക്കപ്പ് വാൻ നിറുത്താതെ പോയി. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മണ്ണ് ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു. ഇതോടെ പൊലീസ് സംഘം വാഹനത്തിന് പിന്നാലെ പാഞ്ഞു. ഈ സമയം മുണ്ടക്കയം അതിർത്തിയിലുണ്ടായിരുന്ന മുണ്ടക്കയം പൊലീസും വാഹനം കൈ കാണിച്ചിട്ടും നിറുത്തിയില്ല. ഇവരും പിന്നാലെ പിന്തുടർന്നു. ഹൈവേ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക് കോളേജ് ഭാഗത്ത് അതുവഴി കടന്നുവന്ന ടോറസ് ലോറി കുറുകെയിട്ട് സംഘത്തെ പിടികൂടി. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. പീരുമേട്ടിലെ റിസോർട്ടിൽ നിന്ന് മോഷ്ടിച്ചതാണ് ഗ്യാസ് സിലിണ്ടർ എന്ന് കണ്ടെത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി. രണ്ടു പേർക്കായി തെരച്ചിൽ ഉൗർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |