തിരുനെല്ലി:പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.തിരുനെല്ലി അപ്പപ്പാറ വാകേരിയിൽ താമസിക്കുകയായിരുന്ന എടയൂർക്കുന്ന് സ്വദേശി പ്രവീണ(32)യെ കൊലപ്പെടുത്തിയ പിലാക്കാവ് തറയിൽ ദിലീഷിനെ (37)യാണ് പിടികൂടിയത്. പ്രവീണയ്ക്കൊപ്പം താമസിക്കുകയായിരുന്നു ഇയാൾ.കൊലപാതകം നടത്തിയ വീട്ടിൽനിന്നു ഏകദേശം മുന്നൂറു മീറ്റർ മാറിയുള്ള കാപ്പിതോട്ടത്തിലെ ആളൊഴിഞ്ഞ വീടിനു സമീപത്ത് നിന്നാണ് പിടികൂടിയത്.ദിലീഷിനൊപ്പം പ്രവീണയുടെ കാണാതായ മകൾ ഒൻപതു വയസുകാരി അബിനയേയും കണ്ടെത്തി. കത്തിയുമായി ഓടു മേഞ്ഞ വീടിനോടു ചേർന്നു നിർമിച്ച ഷട്ടർ മുറിയുടെ ടെറസിൽ നിൽക്കുകയായിരുന്ന ദിലീഷിനെ വനപാലകരുടെ സഹായത്തോടെയാണ് പിടികൂടിയത്. കുട്ടിയെ തിരുനെല്ലി പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
അമ്മാവനായ കേളു നോക്കി നടത്തുന്ന കണ്ണൂർ സ്വദേശിയുടെ തോട്ടത്തിലുള്ള വീട്ടിലാണ് പ്രവീണയും മക്കളും താമസിച്ചിരുന്നത്. ഭർത്താവുമായി അകന്നുകഴിയുന്ന പ്രവീണ സുഹൃത്തായ ദിലീഷുമായി പരിചയത്തിലായിരുന്നു.ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. പ്രവീണയുടെ മൂത്ത മകൾ അനർഘ (14) കഴുത്തിനും ചെവിക്കുമേറ്റ പരുക്കുമായി വയനാട് ഗവ. മെഡിക്കൽ കോളജിലേക്കും ശേഷം വിദഗ്ദ്ധചികിത്സയ്ക്കായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.വടി ഉപയോഗിച്ച് അടിച്ചും കത്തികൊണ്ട് മാരകമായി പരിക്കേൽപ്പിച്ചുമാണ് കൊലപാതകം നടത്തിയത്.പ്രവീണയുടെ മുഖത്ത് സാരമായ പരിക്കുണ്ട്.
ഞായറാഴ്ച രാത്രി മുതൽ പൊലീസ് ദിലീഷിനും കാണാതായ കുട്ടിക്കുമായി വനത്തിലും കാപ്പിത്തോട്ടത്തിലും തെരച്ചിൽ തുടങ്ങിയിരുന്നു. തിങ്കളാഴ്ച രാവിലെ നാട്ടുകാരുടേയും വനപാലകരുടേയും ഫയർഫോഴ്സിന്റേയും ഡോഗ് സ്‌ക്വാഡിന്റേയും ഡ്രോണിന്റെയും സഹായത്തോടെ തിരച്ചിൽ തുടർന്നു. 10 മണിയോടെയാണ് ദിലീഷിനേയും കുട്ടിയേയും കണ്ടെത്തിയത്. ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിരുന്നു. മാനന്തവാടി ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ, തിരുനെല്ലി ഇൻസ്‌പെക്ടർ ലാൽ സി. ബേബി, മാനന്തവാടി, തലപ്പുഴ ഇൻസ്‌പെക്ടർമാരായ ടി.എ. അഗസ്റ്റിൻ, എം.ടി. ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനും തെരച്ചിലിനും നേതൃത്വം നൽകിയത്. കൊല്ലപ്പെട്ടത് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതി ആയതിനാൽ ഇവർക്കെതിരേയുള്ള അതിക്രമങ്ങൾ അന്വേഷിക്കുന്ന സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡിന് (എസ്എം.എസ്) കേസ് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |