ചെങ്ങന്നൂർ : ഹംഗറിയിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ഞൂറിലധികം പേരിൽ നിന്നായി 10 കോടിയിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. സി.പി.എം ചെറിയനാട് തെക്ക് ലോക്കൽ കമ്മിറ്റിയംഗം ഉണ്ണികൃഷ്ണപിള്ളയുടെ മകൻ ദീപക് ബാലൻപിള്ളയ്ക്കെതിരെയാണ് പരാതി. ഇയാളുടെ ഉടമസ്ഥതയിലുള്ള ഹംഗറിയിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ ഒഴിവുള്ള തസ്തികകളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ഏജന്റുമാർ മുഖേന പണം വാങ്ങുകയായിരുന്നു.
തമിഴ്നാട് സ്വദേശിയായ ഏജന്റ് മോഹനൻ നാഗർകോവിൽ എസ്.പിക്ക് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത വടശേരി എൻ -2 പൊലീസ് കഴിഞ്ഞ ദിവസം ചെറിയനാട്ടെത്തി ഉണ്ണികൃഷ്ണപിള്ളയെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തിരുന്നു. ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ദീപക് അടുത്തിടെ വാങ്ങിയ വീട്ടിലെത്തിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. വടശേരി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.
മോഹനൻ നൽകിയ പരാതി പ്രകാരം ഉണ്ണികൃഷ്ണപിള്ളയും ഭാര്യയും രണ്ടും മൂന്നും പ്രതികളാണ്. ഇവരുടെ അക്കൗണ്ടുകളിലൂടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്താൻ സാധിക്കാത്തതിനാലാണ് വിട്ടയച്ചതെന്നും ദീപക്കിനെ നാട്ടിലെത്തിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും നാഗർകോവിൽ എസ്.പി ഡോ.ആർ.സ്റ്റാലിൻ പറഞ്ഞു.
മോഹനൻ 400 പേരിൽ നിന്ന് വാങ്ങിയ ഏകദേശം ഒന്നരക്കോടിയോളം രൂപ ദീപക്കിന് നൽകിയിട്ടുണ്ട്. ആദ്യം പണം നൽകിയ 33 പേർക്ക് ഉടൻ വിസ ലഭിച്ചതിനാലാണ് കൂടുതൽ പേരിൽ നിന്ന് പണം വാങ്ങി നൽകിയതെന്ന് മോഹനൻ പറഞ്ഞു. എന്നാൽ ഈ 33 പേരും ഇപ്പോൾ ജോലിയും ശമ്പളവുമില്ലാതെ ഹംഗറിയിൽ വിഷമിക്കുകയാണ്.
ജോലിയുടെ സ്വഭാവം അനുസരിച്ച് പലരിൽ നിന്നും സർവീസ് ചാർജ് ഇനത്തിൽ 35,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് വാങ്ങിയത്. ഏജന്റുമാർ ശേഖരിച്ച തുക ദീപക്കിന്റെ അക്കൗണ്ടിലേക്കാണ് നൽകിയത്.
എറണാകുളം സ്വദേശിയായ അഭിഭാഷകൻ ഉൾപ്പെടെ വലിയൊരു സംഘം തട്ടിപ്പിന് പിന്നിലുള്ളതായാണ് സംശയം. 2023ൽ എറണാകുളം കേന്ദ്രീകരിച്ച് ദീപക് ആരംഭിച്ച ആർക്ക്സ് ഇന്റർനാഷണൽ എന്ന ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്. എറണാകുളം, കോട്ടയം, ഹരിപ്പാട്, കൊല്ലം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് പണം നഷ്ടമായവരിൽ ഏറെയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |