മാന്നാർ: ബി.ജെ.പി മാന്നാർ മണ്ഡലം നേതൃത്വത്തിനെതിരെ പരാതിപ്പെട്ടതിന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി മുൻ സെക്രട്ടറിയെ മർദ്ദിച്ചതായുള്ള കേസിൽ മൊഴി പൂർണ്ണമായും രേഖപ്പെടുത്തിയില്ലെന്ന് കാണിച്ച് മർദ്ദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന സതീഷ്കുമാർ (സന്തോഷ്) കൊച്ചുകുന്നക്കാട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ബി.ജെ.പി മുൻ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന സതീഷ്കുമാർ കൊച്ചുകുന്നക്കാട്ടിനെ ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഉദയകുമാർ, രാജീവ് ശ്രീരാധേയം എന്നിവർ ചേർന്ന് കുട്ടമ്പേരൂർ റോഡിലിട്ടു കമ്പി വടിക്ക് അടിക്കുകയും ക്രൂരമായി മർദ്ദിച്ച് അവശനാക്കുകയും ചെയ്തതായി പരുമല സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സതീഷ്കുമാർ കൊച്ചുകുന്നക്കാട്ട് മാന്നാർ പൊലീസിന് മൊഴി നൽകിയിരുന്നു. തന്നെ കൊല്ലാനുള്ള ഉദ്ദേശത്തോടെ മർദ്ദിച്ച സംഭവത്തിൽ നിസാര വകുപ്പുകൾ പ്രകാരമാണ് പൊലീ കേസെടുത്തിട്ടുള്ളതെന്നും മൊഴി കൃത്യമായി രേഖപ്പെടുത്തി കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി ഉണ്ടാവാൻ ഇടപെടൽ ഉണ്ടാവണമെന്നും ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
കുട്ടംപേരൂർ ഗുരുതിയിൽ ജംഗ്ഷനിൽ വ്യാഴാഴ്ച്ച വൈകിട്ട് 6 നുണ്ടായ സംഭവത്തെ തുടർന്ന് ആദ്യം മാവേലിക്കര ഗവ.ആശുപത്രിയിലെത്തിയ സതീഷ് കുമാറിന്റെ തലയിൽ മുറിവ് തുന്നിക്കെട്ടി വിട്ടയച്ചെങ്കിലും പിറ്റേന്ന് പുലർച്ചെ ഛർദിക്കുകയും ശാരീരികാസ്വസ്ഥതയും ഉണ്ടായതിനെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നടത്തിയ സ്കാനിംഗ് പരിശോധനയിൽ ആന്തരിക രക്തശ്രാവം കണ്ടതിനെ തുടർന്ന് ന്യൂറോ ഐ.സി.യുവിൽ പ്രവേശിപ്പിച്ച സതീഷ് കുമാറിനെ കഴിഞ്ഞ ദിവസമാണ് റൂമിലേക്ക് മാറ്റിയത്.
അതേ സമയം കുട്ടംപേരൂർ ഗുരുതിയിൽ ജംഗ്ഷനു സമീപം മണ്ഡലം പ്രസിഡന്റും സഹപ്രവർത്തകരും സംസാരിച്ച് കൊണ്ടിരുന്നപ്പോൾ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും മദ്യലഹരിയിൽ കരിങ്കല്ലിൽ തട്ടിവീണാണ് സതീഷ് കുമാറിന് പരിക്കേറ്റതെന്നും യാതൊരു അക്രമവും അവിടെ ഉണ്ടായിട്ടില്ലെന്നും ബി.ജെ.പി മണ്ഡലം പ്രസിഡന്റിന്റെ നേത്യത്വത്തിൽ അക്രമിച്ചു എന്നത് തീർത്തും വസ്തുതാ വിരുദ്ധമാണെന്നും ബി.ജെ.പി മാന്നാർ കിഴക്കൻ ഏരിയ പ്രസിഡന്റ് സജീഷ് തെക്കേടവും മണ്ഡലം പ്രസിസന്റ് സതീഷ് കൃഷ്ണനും പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |