
ഹൈദരാബാദ്: വിവാഹത്തെക്കുറിച്ച് ചർച്ച ചെയ്യാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവാവിനെ കാമുകിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയെന്ന് പരാതി. മൈസമ്മഗുഡയിലെ സെന്റ് പീറ്റേഴ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന ജ്യോതി ശ്രാവൺ സായ് ആണ് കൊല്ലപ്പെട്ടത്. പലതവണ വിലക്കിയിട്ടും യുവാവ് പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
ബീരാംഗുഡയിലെ ഇസുകബാവി സ്വദേശി ശ്രീജയുമായി (19) ശ്രാവൺ പ്രണയത്തിലായിരുന്നുവെന്ന് അമീൻപൂർ സർക്കിൾ ഇൻസ്‌പെക്‌ടർ നരേഷ് പറഞ്ഞു. എന്നാൽ, ശ്രീജയുടെ കുടുംബം ബന്ധത്തെ എതിർത്തു. ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ശ്രീജയുടെ ബന്ധുക്കൾ പലതവണ ശ്രാവണിന് താക്കീത് നൽകുകയും ചെയ്‌തിരുന്നു.
സംഭവദിവസം ശ്രീജയുടെ മാതാപിതാക്കളാണ് ശ്രാവണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. യുവാവ് എത്തിയതോടെ ശ്രീജയുടെ മാതാവ് ഉൾപ്പെടെയുള്ളവർ മർദിക്കാൻ തുടങ്ങി. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് അതിക്രൂരമായായിരുന്നു മർദനം. ശ്രാവണിന്റെ തലയ്‌ക്ക് പരിക്കേറ്റു. കാലിനും വാരിയെല്ലിനും ഒടിവുകൾ സംഭവിച്ചു. പിന്നീട് കുക്കാട്ട്‌പള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രാവൺ മരിച്ചിരുന്നു.
ശ്രീജയുടെ കുടുംബാംഗങ്ങൾക്കെതിരെ അമീൻപൂർ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ ശ്രീജയുടെ വീട്ടിൽ നിന്നും ക്രിക്കറ്റ് ബാറ്റ് കണ്ടെടുത്തിട്ടുണ്ട്. ശ്രാവണിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കൂടുതൽപേർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് കണ്ടെത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |