
കാലടി: മലയാറ്റൂർ മുണ്ടങ്ങാമറ്റത്ത് ഏവിയേഷൻ വിദ്യാർത്ഥിനി ചിത്രപ്രിയയെ (19) സുഹൃത്ത് അലൻ കൊലപ്പെടുത്തിയത് മുൻകൂട്ടി നിശ്ചയിച്ചപ്രകാരമെന്ന നിഗമനത്തിൽ പൊലീസ്. പെട്ടെന്നുണ്ടായ പ്രകോപനത്താലാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് അലൻ പറയുന്നുണ്ടെങ്കിലും അങ്ങനെയല്ല എന്നാണ് ഫോണിലെ വിവരങ്ങൾ തെളിയിക്കുന്നതെന്ന് പൊലീസ് പറയുന്നു.
'നിന്നെ കൊല്ലും' എന്ന തരത്തിൽ അലൻ ചിത്രപ്രിയയ്ക്ക് സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും പെൺകുട്ടിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് ഇതിന് കാരണമെന്നുമാണ് പൊലീസ് വിലയിരുത്തുന്നത്. ചിത്രപ്രിയയെ കരുതിക്കൂട്ടി വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലയിലേയ്ക്ക് നയിച്ച യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് എറണാകുളം റൂറൽ പൊലീസ് മേധാവി എം ഹേമലത പറഞ്ഞു.
ഹൈസ്‌കൂളിൽ ഒമ്പതിലും പത്തിലും പഠിച്ചപ്പോഴാണ് ഇവർ പ്രണയത്തിലായതെന്ന് പൊലീസ് പറഞ്ഞു. ഒന്നരവർഷം മുമ്പ് പിണങ്ങി അകന്നു. അടുത്തിടെ വീണ്ടും പ്രണയത്തിലായി. ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾ രൂക്ഷമായതോടെ വീട്ടിലേയ്ക്ക് വരരുതെന്ന് വീട്ടുകാർ വിലക്കുന്ന സാഹചര്യവുമുണ്ടായി. അലനുമായുള്ള ബന്ധം ഏറെക്കുറെ അവസാനിപ്പിച്ചതിനുശേഷമാണ് ചിത്രപ്രിയ ബംഗളൂരുവിൽ പഠിക്കാനായി പോയത്. എന്നാൽ ഇതിനിടയിലും അലൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു.
സംഭവദിവസം ചിത്രപ്രിയ ഫോണെടുക്കാത്തതിലും അലന് സംശയമുണ്ടായിരുന്നു. ഇക്കാര്യമടക്കം ചോദിക്കുന്നതിനാണ് റബർ തോട്ടത്തിൽ എത്തിച്ചത്. താനുമായി പ്രണയത്തിലായതിനാൽ സുഹൃത്തുക്കൾ വിട്ടുപോയെന്നും മറ്റും പറഞ്ഞ് ചിത്രപ്രിയ പലവട്ടം മുഖത്തടിച്ചതിന്റെ ദേഷ്യത്തിനാണ് കല്ലുകൊണ്ട് തലയ്‌ക്കടിച്ചതെന്നാണ് അലന്റെ മൊഴി. കേസിൽ നിലവിൽ അലനെ മാത്രമാണ് അറസ്റ്റ് ചെയ്തതെങ്കിലും കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |