
ജയ്‌പൂർ: ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽനിന്ന് രണ്ടുകിലോയാേളം ആഭരണങ്ങൾ അടിച്ചുമാറ്റിയ പൂജാരിക്കായി തെരച്ചിൽ ശക്തമാക്കി പൊലീസ്. ജയ്പൂരിലെ പ്രശസ്തമായ ലക്ഷ്മീനാരായണ ക്ഷേത്രത്തിലെ താത്കാലിക പൂജാരിയായ അമൻ തിവാരിയാണ് മോഷണം നടത്തിയത്. ശരീരം പുതപ്പുകൊണ്ട് മൂടി മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു മാേഷണം.തല പുതപ്പുകൊണ്ട് മൂടിയശേഷം പല വിഗ്രഹങ്ങളിൽ നിന്നായി 11 വെള്ളിമേലാപ്പുകളും സർപ്പ രൂപങ്ങളുമാണ് ഇയാൾ മോഷ്ടിച്ചത്. ഹനുമാൻ വിഗ്രത്തിലേതൊഴിച്ച് ബാക്കി വിഗ്രങ്ങളിലെ വെള്ളിയാഭരണങ്ങൾ എല്ലാം ഇയാൾ എടുത്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പിറ്റേന്ന് നടതുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായ വിവരം ക്ഷേത്രഭാരവാഹികൾ അറിയുന്നത്. ഉടൻതന്നെ പരാതി നൽകി. തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. മോഷണം നടത്തിയശേഷം ആഭരങ്ങൾ തന്റെ മുറിയിൽ കൊണ്ടുവയ്ക്കുന്നതും പിന്നീട് അതുമായി പുറത്തേക്കുപോകുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
മദ്ധ്യപ്രദേശിലെ സേഹോർ സ്വദേശിയാണ് ക്ഷേത്രത്തിലെ പ്രധാനപൂജാരി. ഇദ്ദേഹത്തിന് ചില ആവശ്യങ്ങൾക്കായി സ്വന്തം നാട്ടിലേക്ക് പോകേണ്ടിവന്നു. ഇതിനുവേണ്ടിയാണ് കഴിഞ്ഞമാസം താൽക്കാലിക പൂജാരിയെ നിയമിച്ചത്. ക്ഷേത്രത്തിലെ മറ്റൊരു പൂജാരിയായ ഓം പ്രകാശ് ശുക്ളയാണ് അമനെ ശുപാർശ ചെയ്തത്. ഇയാൾ അമനുമായി എങ്ങനെ പരിചയത്തിലായി എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. മോഷണത്തിന് ക്ഷേത്രത്തിനുളളിൽത്തന്നെയുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ആ നിലയ്ക്കാണ് അന്വേഷണം മുന്നോട്ടുപോകുന്നതും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |