പരവൂർ: സുഹൃത്തുക്കൾ തമ്മിൽ തർക്കത്തെ തുടർന്നുണ്ടായ കൈയാങ്കളിയിൽ ഒരാളെ വെട്ടിപ്പരിക്കേൽപ്പിക്കുകയും കാറ് തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ഇന്നലെ രാവിലെ 11.30ന് പരവൂർ പൂതക്കുളം-ഊന്നിൻമൂട് റോഡിൽ ഇടയാടി ആശാരിമുക്കിന് സമീപമായിരുന്നു സംഭവം.
തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ ജയകണ്ണനാണ് (30) പരിക്കേറ്റത്. പൂതക്കുളം സ്വദേശിയായ ശംഭുവിനും സുഹൃത്തിനുമെതിരെ പരവൂർ പൊലീസ് കേസെടുത്തു. വർക്കല വടശേരിക്കോണം ഇടവ വെൺകുളം സ്വദേശികളായ ജയകണ്ണൻ, ഡിപിൻ, ആദർശ് എന്നിവർ ആദർശിന്റെ സുഹൃത്തായ ശംഭുവിനെ കാണാൻ പൂതക്കുളത്തെ വീട്ടിലെത്തി. തുടർന്ന് ഇവർ മദ്യപിച്ചു. ഇതിനിടയിൽ ആദർശും ശംഭുവുമായി വാക്കുതർക്കമുണ്ടായി. പ്രശ്നം രൂക്ഷമായതോടേ ജയകണ്ണൻ കാറെടുത്ത് ഡിപിനെയും ആദർശിനെയും കയറ്റി തിരികെ പോയി. എന്നാൽ ആശാരിമുക്കിന് സമീപത്തെത്തിയപ്പോൾ ഇവരുടെ കാർ കേടായി. കാർ നന്നാക്കുന്നതിനിടെ പിന്തുടർന്നെത്തിയ ശംഭുവും സുഹൃത്തും ആദർശുമായി വീണ്ടും വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതുകണ്ടെത്തിയ ജയകണ്ണൻ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ചു. എന്നാൽ കൈയിൽ കരുതിയ വെട്ടുകത്തി ഉപയോഗിച്ച് ശംഭു കാറിന്റെ ഗ്ലാസുകർ പൊട്ടിച്ചു. ഇത് തടഞ്ഞ ജയകണ്ണനെ വെട്ടുകത്തിക്ക് തലയിൽ വെട്ടി പരിക്കേൽപ്പിച്ചു. കണ്ടുനിന്ന ആദർശും ഡിപിനും പിന്നാലെ വെട്ടേറ്റ ജയകണ്ണനും സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
ഈ സമയം ശംഭുവും സുഹൃത്തും കാറിലുണ്ടായിരുന്ന താക്കോലെടുത്ത് പെട്രോൾ ടാങ്ക് തുറന്ന് തുണി തിരുകി കത്തിക്കുകയും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പരവൂർ നിന്ന് അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. കാർ പൂർണമായും കത്തിനശിച്ചു.
സംഭവ സ്ഥലത്തുനിന്ന് കുറച്ചകലെ വീണുകിടന്ന ജയകണ്ണനെ പൊലീസ് നെടുങ്ങോലം താലൂക്ക് അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശംഭുവിനെതിരെ വധശ്രമത്തിനും വാഹനം കത്തിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. ശംഭുവിനും ആദർശിനുമെതിരെ കഞ്ചാവ് കടത്തിന് കൊല്ലം വെസ്റ്റ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |