
കല്ലമ്പലം: ഒറ്റൂരിൽ ബി.ജെ.പി പ്രവർത്തകനെ മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ചുകയറി വെട്ടിപ്പരിക്കേല്പിച്ചു. ഒറ്റൂർ മാവേലികോണം കാർത്തികയിൽ പ്രജീഷിനാണ് (38) ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 11ഓടെയാണ് അക്രമികൾ പ്രജീഷിന്റെ വീടിന്റെ ജനലുകൾ അടിച്ചു തകർത്തും അടുക്കള വാതിൽ വെട്ടിപ്പൊളിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അകത്തുകടന്നത്. തുടർന്ന് അസഭ്യം പറയുകയും കൈയിൽ കരുതിയ ആയുധം കൊണ്ട് ഭാര്യയുടെ മുന്നിലിട്ട് പ്രജീഷിനെ തുരുതുരാ വെട്ടുകയുമായിരുന്നു. ദേഹമാസകലം മുറിവേറ്റ് രക്തത്തിൽ കുളിച്ച പ്രജീഷിനെ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനോടകം മുഖംമൂടി ധരിച്ചിരുന്ന അക്രമികൾ ഓടി കാറിൽകയറി രക്ഷപ്പെട്ടു. പ്രജീഷിന്റെ ഭാര്യയ്ക്കും മർദ്ദനമേറ്റു. ഇവരുടെ മൊബൈൽ ഫോണും അക്രമികൾ നശിപ്പിച്ചു. പ്രജീഷ് ഇനിയും അപകടനില തരണം ചെയ്‌തിട്ടില്ല.
ഞായറാഴ്ച വൈകിട്ട് മാവിന്മൂട് ജംഗ്ഷനിൽ വച്ച് പ്രജീഷ് ചിലരുമായി വാക്കുതർക്കമുണ്ടായെന്നും അക്രമത്തിന് പിന്നിൽ അവരാണെന്ന് സംശയമുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നും കല്ലമ്പലം എസ്.എച്ച്.ഒ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |