
തിരുവനന്തപുരം: കുട്ടികൾ തമ്മിലുള്ള തർക്കം യുവാക്കൾ ഏറ്റെടുത്തതാണ് നഗരത്തെ നടുക്കിയ കൊലപാതകത്തിലേക്ക് നയിച്ചത്. സ്‌കൂളിൽ ഫുട്ബാൾ മത്സരത്തിനിടെയുണ്ടായ തർക്കത്തിന്റെ തുടർച്ചയായി നടന്ന സംഘർഷത്തിൽ തമ്പാനൂർ തോപ്പിൽ വാടകയ്ക്കു താമസിക്കുന്ന നെട്ടയം സ്വദേശി അലനാണ് മരിച്ചത്.
ചെങ്കൽച്ചൂള രാജാജി നഗറിലെ കുട്ടികളും പൂജപ്പുര ജഗതി കോളനിയിലെ കുട്ടികളും തമ്മിൽ ദീർഘകാലമായി തർക്കമുണ്ടായിരുന്നു. മുമ്പ് മുതിർന്നവർ തമ്മിലുണ്ടായ തർക്കത്തിന്റെ ചുവടുപിടിച്ചാണിതെന്നാണ് ലഭിക്കുന്ന വിവരം. കുട്ടികൾ തമ്മിൽ പ്രശ്‌നമുണ്ടായാൽ സ്‌കൂൾ അധികൃതരുടെ നേതൃത്വത്തിൽ പരിഹാരമുണ്ടാക്കുന്നതിന് പകരം മുതിർന്നവർ ഇടപെട്ടതോടെ സംഭവത്തിന് മറ്റൊരു മുഖം കൈവരികയായിരുന്നു. പ്രാദേശിക വാദവും ഇരുപ്രദേശങ്ങളുടെയും അഭിമാനപ്രശ്‍നവുമായി സംഭവം മാറിയതാണ് വിഷയത്തെ ഗുരുതരമാക്കിയത്.
ഇന്നലെ വൈകിട്ട് ആറോടെ, നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരമാണ് ഇരുവിഭാഗവും തൈക്കാട് ശാസ്താക്ഷേത്രത്തിന് സമീപത്തെ ട്രാസ്‌ഫോർമറിന് മുന്നിലെത്തിയത്. സ്‌കൂളിലെ സംഘർഷത്തിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെയാണ് ഇരുകൂട്ടരുമെത്തിയത്. മുതിർന്നവർ ആയുധവും കൈയിൽ കരുതിയിരുന്നു. പ്രകോപനമുണ്ടായാൽ ആക്രമിക്കാനായിരുന്നു ലക്ഷ്യം. സംസാരം നടക്കുന്നതിനിടെ വാക്കുതർക്കമുണ്ടായി. അലനും മറുവിഭാഗവുമായി കൈയാങ്കളിയായി. ഇതിനിടെ എതിർവിഭാഗത്തിലെ ഒരു യുവാവ് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് അലന്റെ നെഞ്ചിലേക്ക് കുത്തുകയായിരുന്നു. ഇടതുനെഞ്ചിന്റെ താഴെ നിന്നും മുകളിലേക്കാണ് കുത്തേറ്റത്. നിമിഷങ്ങൾക്കകം അലൻ ഞരക്കത്തോടെ മറിഞ്ഞുവീഴുകയായിരിന്നു.
ബൈബിൾ പഠനം കഴിഞ്ഞു,
സുവിശേഷകനാകും മുമ്പ് മരണം
പ്ലസ് വൺ പഠനത്തിനു ശേഷം സുവിശേഷകനാകാനായി പൂനെയിൽ ബൈബിൾ പഠനം നടത്തുകയായിരുന്നു അലൻ. എട്ടുമാസത്തെ പഠനത്തിനു ശേഷം ഉപരിപഠനത്തിന് പോകാനിരിക്കെയാണ് മരണം.
പേരൂർക്കട ഹാർവിപുരത്തായിരുന്നു അലനും കുടുംബവും മുമ്പ് താമസിച്ചിരുന്നത്. അലന്റെ പിതാവ് വളരെ മുമ്പുതന്നെ മരിച്ചു. ഹാർവിപുരത്ത് എല്ലാവരുമായി നല്ല സൗഹൃദമായിരുന്നു അലനുണ്ടായിരുന്നത്. ഇവിടെ നിന്നും പിന്നീട് കുടുംബസമേതം മണികണ്ഠേശ്വരത്തേക്ക് താമസംമാറി. ഇതിനിടെ അലന്റെ സഹോദരി ആൻഡ്രിയയെ രാജാജി നഗറിൽ വിവാഹം ചെയ്‌ത് അയച്ചെങ്കിലും ഒരു വർഷം മുമ്പ് ആത്മഹത്യ ചെയ്‌തിരുന്നു. അടുത്തിടെയാണ് അരിസ്റ്റോ ജംഗ്‌ഷനു സമീപം തോപ്പിൽ ഭാഗത്ത് അലനും അമ്മയും വാടക വീട്ടിലേക്ക് താമസം മാറിയത്. അലൻ സുവിശേഷജോലിക്ക് പോകുകയും അമ്മ കൊല്ലത്ത് വീട്ടുജോലിക്കായി പോകുകയുമായിരുന്നു.
വീട്ടിൽ അലൻ മാത്രമാണുള്ളത്. ഇന്നലെ വൈകിട്ട് വീട്ടിൽ ഉറങ്ങിക്കിടന്ന അലനെ സുഹൃത്തുക്കൾ വിളിച്ചുണർത്തിയാണ് ഒത്തുതീർപ്പിന് കൊണ്ടുപോയത്.
ആശുപത്രിയിൽ കരളലിയിക്കുന്ന രംഗങ്ങൾ
അലനെ കുത്തേറ്റ് ആശുപത്രിയിലെത്തിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിലവിളി കരളലിയിക്കുന്നതായി. അലൻ ആദ്യം താമസിച്ചിരുന്ന പേരൂർക്കട ഹാർവിപുരത്തെയും ഇന്ദിരനഗറിലെയും ബന്ധുക്കളും സുഹൃത്തുക്കളും സംഭവമറിഞ്ഞ് ജനറൽ ആശുപതിയിൽ ഓടിയെത്തി.
സ്ത്രീകൾ അലമുറയിട്ടു, സുഹൃത്തുക്കൾ പരസ്‌പരം കെട്ടിപ്പിടിച്ചു നിലവിളിച്ചു. ഇതിനിടെ അലന്റെ സുഹൃത്ത് ആശുപത്രിക്ക് മുന്നിൽ ബോധരഹിതായി വീണു. ഒപ്പമുണ്ടായിരുന്നവരും ബന്ധുക്കളും താങ്ങിയെടുത്ത് അത്യാഹിത വിഭാഗത്തിലെത്തിച്ചു. പരിശോധനയ്ക്കുശേഷം പൊലീസിന്റെ നേതൃത്വത്തിൽ അലന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിൽ കയറ്റാനെത്തിക്കവേ മൃതദേഹത്തിനുചുറ്റും പൊതിഞ്ഞ് ബന്ധുക്കൾ നിലവിളിച്ചു. പൊലീസ് പണിപ്പെട്ടാണ് ഇവരെ പിടിച്ചുമാറ്റി മൃതദേഹം ആംബുലൻസിലേക്ക് കയറ്റിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |