
കൊച്ചി: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി കൊച്ചിയിൽ തങ്ങിയ മലപ്പുറം സ്വദേശിക്ക് സൈബർതട്ടിപ്പിലൂടെ 36 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിൽ യുവാവ് അറസ്റ്റിൽ. പണം അയച്ചുകൊടുക്കാൻ തട്ടിപ്പ് സംഘം ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിന്റെ ഉടമ മലപ്പുറം മഞ്ചേരിസ്വദേശി നജീബിനെയാണ് (40) ചേരാനെല്ലൂർ എസ്.എച്ച്.ഒ ആർ. വിനോദിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.
മലപ്പുറം തിരൂരങ്ങാടി ഊരകം വേങ്ങര കുറ്റാളൂർ വള്ളിക്കാടൻവീട്ടിൽ സാദിഖ് അലിക്കാണ് 2024 നവംബർ മൂന്നിനും നവംബർ ആറിനുമിടെ 3605036 ലക്ഷം രൂപ നഷ്ടപ്പെട്ടത്. ചികിത്സാർത്ഥം ചേരാനെല്ലൂർ പള്ളിക്കവലയിലെ വാടകവീട്ടിൽ താമസിക്കുമ്പോൾ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആളാണ് ഓൺലൈൻ ജോബിലൂടെ ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയത്. തട്ടിപ്പ് സംഘം നൽകിയ അക്കൗണ്ട് നമ്പരുകളിൽ 10 തവണയായിട്ടാണ് പണം കൈമാറിയത്.
ബാങ്ക് അക്കൗണ്ടുകളിൽ ഒരെണ്ണം നജീബിന്റേതാണെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. 12ലക്ഷം രൂപയാണ് ഈ അക്കൗണ്ടിൽ സാദിഖ് അലി കൈമാറിയത്. തട്ടിപ്പ് സംഘം നജീബിന്റെ അക്കൗണ്ട് മ്യൂൾ അക്കൗണ്ടായി ഉപയോഗിച്ചെന്നാണ് അനുമാനം. കേസിൽ യുവതികൾ ഉൾപ്പെടെ കണ്ണികളാണെന്നും കണ്ടെത്തി. നജീബ് മരം വെട്ട് തൊഴിലാളിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ റഷീദ്, എസ്.സി.പി.ഒ വിമൽ, പ്രശാന്ത്, ജോസഫ്, സാവിൻ എന്നിവരും അന്വേഷണ സംഘത്തിൽപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |