
മല്ലപ്പള്ളി: അപകടത്തിൽപ്പെട്ട ഇരുചക്രവാഹന യാത്രികനെ സഹായിക്കാനെത്തിയ ആളുടെ പണവുമായി മുങ്ങിയതായി പരാതി. ഇന്നലെ വൈകിട്ട് 5.30ന് മല്ലപ്പള്ളി ടൗണിൽ സ്‌കൂട്ടർ യാത്രികനെ കാർ ഇടിച്ചു വീഴ്ത്തിയത് കണ്ട് സഹായിക്കാനെത്തിയ ഓട്ടോ ഡ്രൈവർ മല്ലപ്പള്ളി സ്വദേശി കരിമ്പോലിൽ പുഷ്കരന്റെ 23,300 രൂപയാണ് നഷ്ടമായത്. പരിക്കേറ്റ ബൈക്ക് യാത്രികനെ പിടിച്ചെഴുന്നേൽപ്പിക്കുന്നതിനിടെ പുഷ്‌കരൻ മുണ്ടിന്റെ മടിക്കുത്തിൽ വച്ചിരുന്ന 23,300 രൂപ റോഡിൽ വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ടയാളുടെ പണമാണ് ഇതെന്ന് കരുതി കണ്ടു നിന്ന മറ്റൊരാൾ ഇത് അയാളെ ഏൽപ്പിച്ചു. യാതൊരു സങ്കോചവുമില്ലാതെ പണം വാങ്ങി അയാൾ ബൈക്കിൽ കയറി സ്ഥലം വിടുകയായിരുന്നു. ഷർട്ടിന് പോക്കറ്റില്ലാത്തതിനാൽ മുണ്ടിന്റെ കുത്തിനുള്ളിൽ പുഷ്കരൻ സൂക്ഷിച്ച പണമാണ് നഷ്ടമായത്. ചെറുമകന് ഫീസ് അടയ്ക്കാൻ കടം വാങ്ങിയ പണമാണ് നഷ്ടമായതെന്ന് കീഴ് വായ്പ്പൂര് പൊലീസ് സ്റ്റേഷനിൽ പുഷ്കരൻ കൊടുത്ത പരാതിയിൽ പറയുന്നു.തിരികെ വന്ന് ഓട്ടോയിൽ ഇരുന്ന് പരിശോധിക്കുമ്പോഴാണ് പണം നഷ്ടമായെന്ന് അറിഞ്ഞത്. നഷ്ടപ്പെട്ട പണം തിരികെ കിട്ടുന്നതിന് വേണ്ടി പുഷ്‌കരൻ ഫേസ്ബുക്കിൽ വീഡിയോ പങ്കു വച്ചിട്ടുണ്ട്. പൊലീസ് സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |