
കൊച്ചി: വില്ലിംഗ്ടൺ ഐലൻഡിൽ നിന്ന് ഇടുക്കി സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് പണവും കാറും തട്ടിയെടുത്ത സംഘത്തിലെ രണ്ട് പ്രതികളെ കൂടി എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ സ്ക്വാഡ് അറസ്റ്റ് ചെയ്തു. അക്രമി സംഘം സഞ്ചരിച്ച മൂന്ന് കാറുകൾ പിടിച്ചെടുത്തു. 12 മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഡിൽബിൻ, ദിലീഷ് കുമ്പളം എന്നിവരുടെ നേതൃത്വത്തിൽ 20 പേരടങ്ങുന്ന സംഘമാണ് യുവാക്കളെ തട്ടിക്കൊണ്ട് പോയതെന്നും തിരിച്ചറിഞ്ഞു. ആറ് പ്രതികളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
പള്ളുരുത്തി അലോഷ്യസ് സ്കൂളിന് സമീപം മാളിയേക്കൽ വീട്ടിൽ സ്പിൻവിൻ (21), കൊച്ചുപറമ്പിൽ വീട്ടിൽ ടിനോയി (ടിനോപ്പി 24) എന്നിവരാണ് പിടിയിലായത്. ഇരുവരും നിരവധി കേസുകളിലെ പ്രതികളാണ്. ജഗൻ, അമൃതേഷ് കമ്മത്ത്, ബിലാൽ, അരുൺ, ക്രിസ്റ്റഫർ ജോസ്, ഷാരോൺ എന്നിവരാണ് നേരത്തേ പിടിയിലായത്.
ഇടുക്കി സ്വദേശിയും വാഹന ഇടപാടുകാരനുമായ ആഷിഖ്, റിയാസ് എന്നിവരെയാണ് വില്ലിംഗ്ടൺ ഐലൻഡിലെ നടപ്പാതയിലേക്ക് വിളിച്ചു വരുത്തിയ ശേഷം തട്ടിക്കൊണ്ടുപോയത്. ആഷിഖിൽ നിന്ന് പണവും ബി.എം.ഡബ്ല്യു കാറും കൈക്കലാക്കുകയായിരുന്നു ലക്ഷ്യം.
പള്ളുരുത്തിയിലെ ഒരു മൈതാനത്ത് എത്തിച്ച യുവാക്കളെ ക്രൂരമായി മർദ്ദിക്കുന്ന രംഗങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആഷിഖിന്റെ ഒന്നരലക്ഷത്തോളം രൂപ സംഘം തട്ടിയെടുത്ത ശേഷമാണ് ഇരുവരെയും റോഡരികിൽ തള്ളിയത്. സംഘത്തലവനായ ഡിൽബിൻ ഒരു മുൻ കൗൺസിലറുടെ സഹോദരനാണ്.
എറണാകുളം എ.സി.പി കെ.ജി സുരേഷ് കുമാർ, ഹാർബർ പൊലീസ് ഇൻസ്പെക്ടർ ദിലീഷ് എസ്.ഐ സി.എം. ജോസി, പി. അനിൽകുമാർ, എ.എസ്.ഐ സനീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |