
കൊട്ടാരക്കര: പള്ളിക്കൽ ഏലാപ്പുറം കാവിൽ അക്രമം കാട്ടി വിഗ്രഹം അപഹരിച്ചയാൾ പിടിയിൽ. പള്ളിക്കൽ മുകളിൽ വീട്ടിൽ ബി.രഘുവിനെയാണ്(49) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ബി.ജെ.പിയുടെ കലയപുരം ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി എൽ.രാധാമണിയുടെ ഭർത്താവും സജീവ ബി.ജെ.പി പ്രവർത്തകനുമാണ് ബി.രഘു. കഴിഞ്ഞ 21ന് രാത്രിയിലാണ് ക്ഷേത്രത്തിനുനേർക്ക് ആക്രമണം നടത്തിയത്. നാഗദൈവ വിഗ്രഹങ്ങൾ ആയുധം ഉപയോഗിച്ച് ഇളക്കി മറിച്ചിടുകയും കൽവിളക്കുകൾ മറിച്ചിട്ട് ഒടിക്കുകയും ക്ഷേത്ര ഭരണസമിതി ഓഫീസിലെ മേശയും മറ്റ് ഉപകരണങ്ങളും അടിച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. ഉപദേവാലയത്തിന്റെ നിർമ്മാണ ജോലികൾ നടന്നുവരുന്നതിനാൽ പുറത്ത് പ്രതിഷ്ഠിച്ചിരുന്ന ശിവലിംഗ പ്രതിഷ്ഠ ഇവിടെ നിന്നും ഇളക്കി കൊണ്ടുപോയി. ഇത് ഇന്നലെ സമീപത്തെ വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നും കണ്ടെടുത്തു. താൻ മദ്യ ലഹരിയിലാണ് കൃത്യം ചെയ്തതെന്നാണ് രഘു പൊലീസിനോട് പറഞ്ഞത്. മുൻപ് ഈ ക്ഷേത്രത്തിന്റെ ഭരണസമിതി അംഗമായിരുന്നു. ഭരണസമിതിയിലെ ചിലരുമായുള്ള വ്യക്തിവിരോധവും സംഭവത്തിന് പിന്നിലുണ്ടെന്നാണ് വിവരം. ക്ഷേത്രത്തിന് നേർക്കുണ്ടായ ആക്രമണമെന്ന നിലയിൽ പൊലീസ് ഊർജ്ജിത അന്വേഷണം നടത്തിവന്നതാണ്.ബി.ജെ.പി ശക്തമായി പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു. ഒടുവിൽ കേസന്വേഷണം രഘുവിലേക്കെത്തി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |