
കൊച്ചി: തുമ്പില്ലാത്ത മോഷണക്കേസിൽ ശാസ്ത്രീയ തെളിവുകൾ ഒന്നൊന്നായി കോർത്ത് പ്രതിയെ വലയിലാക്കി തൃക്കാക്കര പൊലീസ്. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്‌സിലെ പി.ഡബ്ല്യു.ഡി വർക്കിംഗ് വുമൺസ് ഹോസ്റ്റലിൽ നിന്ന് 40,000 രൂപ മോഷ്ടിച്ച കേസിലാണ് മൂന്നര മാസത്തിന് ശേഷം നിർണായക അറസ്റ്റ്. ഹോസ്റ്റലിലെ താത്കാലിക ജീവനക്കാരനായ പശ്ചിമ ബംഗാൾ സ്വദേശി പ്രശാന്ത് മംഗറാണ് (33) അറസ്റ്റിലായത്. സെപ്തംബർ അഞ്ചിനായിരുന്നു മോഷണം. കേരളം വിട്ട പ്രതിയെ പൊലീസ് തന്ത്രപരമായി തിരിച്ചെത്തിച്ച് പിടികൂടുകയായിരുന്നു.
ഓണാവധിയെ തുടർന്ന് സെപ്തംബർ 4ന് ഹോസ്റ്റൽ അടച്ചിരുന്നു. ആറിന് വീണ്ടും തുറന്നപ്പോഴാണ് അന്തേവാസികൾ ഹോസ്റ്റൽ ഫീസായി നൽകിയ പണം അലമാരയിൽ നിന്ന് മോഷണം പോയതായി തിരിച്ചറിഞ്ഞത്. തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫിംഗർ പ്രിന്റ് വഴി മാത്രം പ്രവേശനമുള്ള ഹോസ്റ്റലിലെ മോഷണം പൊലീസിനെ കുഴപ്പിച്ചു. ആദ്യഘട്ടത്തിൽ പ്രശാന്തിനെയടക്കം പലരെയും ചോദ്യം ചെയ്തെങ്കിലും തെളിവുകളുടെ അഭാവം പൊലീസിനെ വലച്ചു. മോഷ്ടാവ് ആരെന്ന ചോദ്യത്തിൽ ഉത്തരംമുട്ടി നിന്ന പൊലീസിന് ദിവസങ്ങൾക്ക് ശേഷമാണ് ഫിംഗർ പ്രിന്റ് മെഷീനിലെ ഡേറ്റ ലഭിച്ചത്. ഇത് കച്ചിത്തുരുമ്പാക്കി പൊലീസ് രേഖകളെല്ലാം അരിച്ചുപെറുക്കി.
ഹോസ്റ്റൽ അടച്ച ദിവസം രാവിലെ 618 എന്ന നമ്പർ അനുവദിച്ചിട്ടുള്ള വ്യക്തി ഹോസ്റ്റലിൽ കയറിയതായി കണ്ടെത്തി. പക്ഷേ ഇയാൾ തിരിച്ചിറങ്ങിയതായുള്ള വിവരം ഫിംഗർ പ്രിന്റ് ഡേറ്റയിൽ ഉണ്ടായിരുന്നില്ല. സംശയം 618ലേക്ക് ചുരുങ്ങി. ഹോസ്റ്റലിൽ നടത്തിയ അന്വേഷണത്തിൽ ഫിംഗർ പ്രിന്റ് ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി നൽകുന്ന ആക്‌സസ് കാർഡുകളിൽ ഒന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തി. പിന്നീട് തെളിവുകൾ ഒന്നൊന്നായി കോർക്കാൻ പൊലീസിന് ബുദ്ധിമുട്ടേണ്ടി വന്നില്ല. 618-ാം നമ്പർ കാർഡ് ഉപയോഗിച്ച വ്യക്തിയാണ് മോഷ്ടാവെന്ന് പൊലീസ് ഉറപ്പിച്ചു. ആയിരത്തിലധികം പേർ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു അടുത്ത വെല്ലുവിളി. ഒടുവിൽ അന്വേഷണം പ്രശാന്ത് മംഗറിൽ എത്തിനിന്നു. മോഷണ ദിവസം പ്രതി ഹോസ്റ്റൽ പരിസരത്ത് ഉണ്ടായിരുന്നതായി ടവർ ലൊക്കേഷനിലും തെളിഞ്ഞതോടെ സ്ഥലംവിട്ട പ്രതിയെ തിരികെ എത്തിക്കുകയായിരുന്നു പൊലീസിന്റെ അടുത്ത ദൗത്യം.
പ്രശാന്തിന് ആദ്യം ജോലി വാങ്ങി നൽകിയ ആളെ കണ്ടെത്തി. ഇയാളെക്കൊണ്ട് മികച്ച ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്യിപ്പിച്ച് പ്രശാന്തിനെ വരുത്തിക്കുകയായിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും തെളിവുകൾ നിരത്തിയതോടെ ഇയാൾ കുറ്റം സമ്മതിച്ചു. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ ടി.ബി.വിജയന്റെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്ടർ എ.കെ. സുധീറിന്റെ മേൽനോട്ടത്തിൽ എസ്.ഐ വി.ബി.അനസാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |