
താമരശ്ശേരി: കൈതപ്പൊയിൽ, നോളെജ് സിറ്റിക്കടുത്തുള്ള വീട്ടിൽ നിന്ന് പതിനഞ്ചു പവൻ സ്വർണവും ഒന്നേകാൽ ലക്ഷം രൂപയും മോഷ്ടിച്ച ചാവക്കാട് റഫീക്ക് (48) എന്ന വെന്താട്ടിൽ റഫീക്കിനെ കോഴിക്കോട് റൂറൽ എസ് പി. കെ.ഇ ബൈജു വിൻറെ കീഴിലുള്ള സംഘം പിടികൂടി. ഇയാൾ ഇപ്പോൾ താമസിക്കുന്ന മേപ്പാടി ടൗണിലുള്ള വാടകവീട്ടിൽ നിന്നാണ് കോടഞ്ചേരി പൊലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്നു പിടികൂടിയത്. താമരശ്ശേരി ഡി.വൈ.എസ്.പി പി. അലവിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന കിട്ടിയത്. കളവ് നടത്തിയ പത്തുപവൻ സ്വർണവും രൂപയും വീട്ടിൽ ഒളിപ്പിച്ച നിലയിൽ പൊലീസ് കണ്ടെടുത്തു. മേപ്പാടിയിലെ ജ്വല്ലറിയിൽ വിൽപന നടത്തിയ മുപ്പത്തിനാല് ഗ്രാം സ്വർണവും കണ്ടെടുത്തു. ഡിസംബർ 28 ന് പുലർച്ചെയാണ് ഗൾഫിലും കോഴിക്കോട്, താമരശ്ശേരി എന്നിവിടങ്ങളിലും ട്രാവൽ ഏജൻസി നടത്തുന്ന വേഞ്ചേരി അരിയാർ കുന്നത്ത്,ഷൈജലിൻ്റെ വീട്ടിൽ കളവ് നടന്നത്. വീട് പൂട്ടി ഊട്ടിയിൽ പോയ സമയത്താണ് കളവ് നടന്നത്. പുലർച്ചെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മുൻവാതിൽ പൊളിച്ച നിലയിൽ കണ്ടത്. റൂമിൻ്റെ ഡോറും തകർത്ത് അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് കവർന്നത്. കവർച്ചയ്ക്ക് ശേഷം പ്രതി സി.സി.ടി.വി യുടെ ഹാർഡ് ഡിസ്ക് ഊരിയെടുത്ത് അടുത്ത് നിർമ്മാണം നടക്കുന്ന വീട്ടിലെ വെള്ളത്തിൽ ഇട്ടിരുന്നു. വിവിധ ജില്ലകളിലായി ഇയാളുടെ പേരിൽ
നിരവധി വീടുകളും വാഹനങ്ങളും കവർച്ച നടത്തിയതിനും മറ്റും കേസുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |