
കൊച്ചി: മലപ്പുറം പെരിന്തൽമണ്ണയിൽ 21കൊല്ലംമുമ്പ് യുവതിയെ റബർത്തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. നിലവിൽ മലപ്പുറം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കൊലക്കേസ് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റിന് കൈമാറിയത്. കേസിൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ പീഡനമേൽക്കേണ്ടിവന്ന പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി പി. അബ്ദു സമർപ്പിച്ച പരാതിയിൽ 2025 നവംബറിലാണ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടത്. 2004 ഡിസംബർ 28നാണ് പെരിന്തൽമണ്ണ-കൊളത്തൂർ റോഡിൽ പുത്തനങ്ങാടി ഭാഗത്തെ റബർതോട്ടത്തിൽ 35കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിരുന്നു. 2009വരെ അന്വേഷണം നടത്തിയ പെരിന്തൽമണ്ണ പൊലീസിന് മരിച്ച യുവതിയേയും കൊലപാതകത്തിന് പിന്നിലുള്ളവരേയും തിരിച്ചറിയാൻ സാധിച്ചില്ല. ഇതിനിടെയാണ് സ്ഥലവാസിയായ അബ്ദു ഉൾപ്പെടെ നിരവധിപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. അബ്ദുവിന്റെ ജീപ്പിലാണ് മൃതദേഹം റബർത്തോട്ടത്തിൽ ഉപേക്ഷിച്ചതെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത വാഹനം നാലുമാസം കഴിഞ്ഞാണ് തിരികെ നൽകിയത്. ഇതിനിടെ 2009ൽ തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നൽകിയ റിപ്പോർട്ട് പെരിന്തൽമണ്ണ കോടതി അനുവദിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് സംശയനിഴലിലായ അബ്ദു സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് 2021ൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടത്. 2022 സെപ്തംബറിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയെങ്കിലും തുമ്പുണ്ടാകാത്ത സാഹചര്യത്തിൽ അബ്ദു വീണ്ടും ഹൈക്കോടതിയെ സമീപിച്ച് സി.ബി.ഐ അന്വേഷണത്തിന് അനുകൂല ഉത്തരവ് സമ്പാദിച്ചു. കൊല്ലപ്പെട്ടത് പ്രദേശവാസിയുടെ വീട്ടിൽ ജോലിക്കുനിന്ന യുവതിയാണെന്ന വെളിപ്പെടുത്തൽ ഉൾപ്പെടെ പൊലീസ് അന്വേഷിച്ചില്ലെന്നും കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്ന ഏക ദൃക്‌സാക്ഷിയെ വകവരുത്തിയതായും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |