
അമ്പലപ്പുഴ: വയോധികയുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി മാല പൊട്ടിക്കാൻ
ശ്രമിച്ച യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി അമ്പലപ്പുഴ പൊലീസ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11-ാം വാർഡ് വെണ്ണലപറമ്പ് വീട്ടിൽ പദ്മകുമാർ (പപ്പൻ- 39) ആണ് പിടിയിലായത്.
ഇന്നലെ രാവിലെ 6.50 ഓടെ ആയിരുന്നു സംഭവം. അമ്പലപ്പുഴ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15ാം വാർഡിൽ കോമന ശിവനന്ദനം വീട്ടിൽ സദാശിവൻനായരുടെ ഭാര്യ മഹിളാമണിയുടെ (75) ഒന്നേകാൽ പവന്റെ മാലയാണ് കച്ചേരിമുക്കിന് സമീപം ശ്രീപാദം ഹോസ്പിറ്റലിന് മുന്നിൽ വച്ച് പ്രതി
പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. മഹിളാമണി ബഹളം വച്ചതോടെ നാട്ടുകാർ ഓടികൂടി.
ഇതിനിടെ സ്വർണമാല ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു.
അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് സമീപത്തെ വീടുകളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവിനെ തിരിച്ചറിയുകയും മണിക്കൂറുകൾക്കുള്ളിൽ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് പിടികൂടുകയുമായിരുന്നു.
അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ടിനു ആർ.പി, പ്രൊബേഷൻ സബ് ഇൻസ്പെക്ടർ നന്ദു നാരായണൻ, അസി.സബ് ഇൻസ്പെക്ടർ ദേവസ്യ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജോസഫ് ജോയി, സിവിൽ പൊലീസ് ഓഫീസർമാരായ വിജിത്ത്, രതീഷ് വാസു, ശ്രീജി, അരുൺകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പദ്മകുമാർ നിരവധി മോഷണക്കേസുകളിലെയും ലഹരിക്കേസുകളിലെയും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |