SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.06 PM IST

യുവാവിനെ ക്രൂരമായി മർദ്ദിച്ച് വീഡിയോ പകർത്തിയെന്ന് ആരോപണം; പൊലീസിനെതിരെ പരാതിയുമായി കുടുംബം

Increase Font Size Decrease Font Size Print Page
accident

കൊല്ലം: സ്വന്തം വാഹനമുപയോഗിച്ച് പൊലീസ് ജീപ്പിടിച്ചുതകർത്ത കേസിലെ പ്രതിയെ പൊലീസ് ക്രൂരമർദ്ദനത്തിനിരയാക്കിയെന്ന് ബന്ധുക്കളുടെ പരാതി. പത്തനാപുരത്ത് പിടവൂർ സത്യൻമുക്ക് മാവിളയിൽ സജീവാണ് പിടിയിലായത്. ശേഷം ഇയാളെ നിർബന്ധിച്ച് തലമുടി വെട്ടിക്കുകയും മാപ്പ് പറയിപ്പിച്ച് ഫോണിൽ റെക്കാർഡ് ചെയ്യുകയും ജയിലിൽ പ്രവേശിപ്പിച്ച് ക്രൂരമായി മർദിക്കുകയും ചെയ്തെന്നാണ് പരാതി. മർദ്ദിക്കുന്നതിന്റെ വീഡിയോ പൊലീസ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ഒളിവിൽ കഴിയുകയായിരുന്ന സജീവിനെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. ഈ സമയത്ത് പ്രതി പൊലീസിനുനേരെ നായ്ക്കൂട്ടത്തെ ഇറക്കിവിട്ടെന്നും ഒളിവിൽ പോകുന്നതിനു മുൻപ് തന്നെ സജീവ് മുടിയും താടിയും വെട്ടി എന്നുള്ള പൊലീസ് വാദങ്ങൾ കളവാണെന്ന് ഭാര്യ സിന്ധുവും മറ്റു ബന്ധുക്കളും പറയുന്നു. റീൽ തയാറാക്കി റീച്ച് കിട്ടാൻ വേണ്ടി പൊലീസ് നടത്തിയ നാടകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

'സജീവിനെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. ശേഷം ഇയാളെ ക്രൂരമർദനത്തിനിരയാക്കിയാണ് റീൽ ചിത്രീകരിച്ചത്. മർദ്ദിച്ച് മാപ്പ് പറയിപ്പിക്കുകയായിരുന്നു. അവിടെവച്ച് നിർബന്ധപൂർവം തലമുടിയും, താടിയും വടിച്ചു. അച്ഛന്റെ മരണത്തെത്തുടർന്ന് ആചാരത്തിന്റെ ഭാഗമായി വളർത്തിയ തലമുടിയാണ് പൊലീസ് വെട്ടിയത്. പൊലീസ് നിർബന്ധിച്ച് ചിത്രീകരിച്ച വീഡിയോ, പിന്നീട് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച് പരിഹസിച്ചു'- സിന്ധു പരാതിയിൽ പറയുന്നു. സംഭവത്തിൽ നീതി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും കോടതിയെയും സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബം.

TAGS: CASE DIARY, CASE, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY