
സഹോദരങ്ങൾ അറസ്റ്റിൽ
കൊച്ചി: പണം വാങ്ങാതെ കഞ്ചാവ് നൽകി വരുതിയിലാക്കിയ ശേഷം ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്ലസ് വൺ വിദ്യാർത്ഥിയെ കൊണ്ട് അമ്മയുടെ സ്വർണാഭരണം കവർച്ച ചെയ്യിപ്പിച്ചു. ഉപയോഗിച്ച കഞ്ചാവിന്റെ പണമായി സ്വർണം നൽകുന്നതുവരെ 16കാരൻ ക്രൂരമർദ്ദനത്തിനും ഇരയായി. എറണാകുളം പള്ളുരുത്തിയിൽ കഴിഞ്ഞ മാസം പകുതിയോടെയായിരുന്നു സംഭവം. ഏതാനും ദിവസം മുമ്പാണ് പൊലീസിന് പരാതി ലഭിച്ചത്.
16കാരന്റെ മാതാപിതാക്കളുടെ പരാതിയിൽ പള്ളുരുത്തി സ്വദേശികളായ സഹോദരങ്ങളെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. മങ്കാമഠം ലൈനിൽ താമസിക്കുന്ന തറേപ്പറമ്പിൽ വീട്ടിൽ ആൽഫിൻ ആന്റണി (24), സഹോദരൻ റെൻഫിൻ (21) എന്നിവരാണ് പിടിയിലായത്. ആൽഫിൻ അടിപിടി കേസുകളിലും റെൻഫിൻ ലഹരിക്കേസുകളിലും നേരത്തെ അറസ്റ്റിലായിട്ടുണ്ട്.
മേഖലയിലെ ഒരു സ്കൂളിൽ പത്താംക്ലാസിൽ പഠിക്കുന്ന 16കാരൻ സുഹൃത്ത് വഴിയാണ് പ്രതികളുടെ സംഘത്തിൽ എത്തുന്നത്. പതിയെ കഞ്ചാവ് ഉപയോഗം തുടങ്ങി. പണമൊന്നും ഈടാക്കാതെയായിരുന്നു ആൽഫിനും റെൻഫിനും 16കാരന് കഞ്ചാവ് നൽകിയിരുന്നത്. ആഴ്ചകളോളം 16കാരൻ കഞ്ചാവ് പുകച്ചു. ലഹരിക്ക് അടിമപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ സഹോദരങ്ങൾ ഇതുവരെ ഉപയോഗിച്ച കഞ്ചാവിന്റെ പണം ചോദിച്ച് ഭീഷണി തുടങ്ങി. മർദ്ദനത്തിലേക്കും കടന്നതോടെ കുട്ടി ഭീതിയിലായി. അമ്മയുടെ ആഭരണം എടുത്തുകൊണ്ടുവന്നില്ലെങ്കിൽ ലഹരി ഉപയോഗിക്കുന്ന വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ പത്താംക്ലാസുകാരൻ ആകെ തകർന്നു. മറ്റുവഴികളില്ലാതെ അലമാരയിൽനിന്ന് അമ്മയുടെ ഒന്നര പവന്റെ പാദസരം മോഷ്ടിച്ച് സഹോദരങ്ങൾക്ക് നൽകി.
കൈയിൽ ഫോൺ കാണാത്തത് ശ്രദ്ധയിൽപ്പെട്ട പിതാവ് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് സഹോദരങ്ങൾ ഫോൺ കൈക്കലാക്കിയതും ലഹരി നൽകി അമ്മയുടെ പാദസരം മോഷ്ടിപ്പിച്ചതുമടക്കമുള്ള വിവരങ്ങൾ വിദ്യാർത്ഥി വെളിപ്പെടുത്തിയത്. സഹോദരങ്ങൾ ലഹരി ഉപയോഗിക്കുന്നത് 16കാരൻ പകർത്തിയിരുന്നു. ഇതറിഞ്ഞ പ്രതികൾ ഫോൺ പിടിച്ചുവാങ്ങി ഫോർമാറ്റ് ചെയ്തു.
പ്രതികളെ ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമായിരുന്നു അറസ്റ്റ്. പാദസരം കൊച്ചിയിലെ ഒരു ജുവലറിയിൽ വിറ്റ് 1.50 ലക്ഷം രൂപ കൈക്കലാക്കി. ഈ പണം ഉപയോഗിച്ച് ലഹരിമരുന്ന് വാങ്ങിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. മട്ടാഞ്ചേരി എ.സി.പി ഇൻചാർജ് ലത്തീഫിന്റെ മേൽനോട്ടത്തിൽ പള്ളുരുത്തി എസ്.എച്ച്.ഒ കിരൺ സി. നായരുടെ നിർദ്ദേശാനുസരണം എസ്.ഐമാരായ ശിവൻകുട്ടി, അശ്വിൻ ബിജു, നാരായണൻകുട്ടി, എ.എസ്.ഐ ബിജു, സി.പി.ഒമാരായ ബിബിൻ, അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |