
തൃക്കാക്കര: മുട്ടാർപുഴയിൽ പതിനൊന്നുകാരി വൈഗ മുങ്ങിമരിച്ച കേസിൽ പൊലീസ് തെരയുന്ന പിതാവ് കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ ശ്രീഗോകുലത്തിൽ സാനുമോഹൻ കോയമ്പത്തൂരിലുള്ളതായി അന്വേഷണസംഘത്തിന് വിവരംലഭിച്ചു. ഇന്നലെ തൃക്കാക്കര എസ്.ഐയുടെ നേതൃത്വത്തിലുളള പ്രത്യേകസംഘം കോയമ്പത്തൂലെത്തി ചില ഹോട്ടലുകൾ കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തി. തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ഫോൺനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ മൂന്ന് സംഘങ്ങൾ തെരച്ചിൽ തുടരുന്നത്.
തേവയ്ക്കൽ വിദ്യോദയസ്കൂൾ നാലാംക്ളാസ് വിദ്യാർത്ഥിനിയായിരുന്ന വൈഗ പഠനത്തിലും നൃത്തത്തിലും മിടുക്കിയായിരുന്നു.കങ്ങരപ്പടിയിലെ ഡാൻസ് സ്കൂളിൽ 2017 നവംബർ മുതൽ പഠിച്ചിരുന്ന വൈഗ 2019ൽ ഗുരുവായൂരിൽ അരങ്ങേറ്റവും നടത്തിയിരുന്നു. കഴിഞ്ഞ 18വരെ ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നതായി ഡാൻസ് ടീച്ചർ പറഞ്ഞു.
ബന്ധുക്കളുടെ മൊഴിയെടുത്തു
വൈഗയുടെ മാതാവ് രമ്യ, സഹോദരീ ഭർത്താവ് പ്രവീൺ, സാനുവിന്റെ സഹോദരൻ സിനു മോഹൻ എന്നിവരെ തിങ്കളാഴ്ച കങ്ങരപ്പടി ഹാർമണി ഫ്ലാറ്റിലെ 'വീറ്റാഗ്രീൻ 6എ'യിൽ എത്തിച്ച് രണ്ടുമണിക്കൂറോളം പൊലീസ് മൊഴിയെടുത്തു. അലമാരയിൽനിന്ന് ചെക്ക് ബുക്കുകൾ ഉൾപ്പെടെയുള്ള രേഖകൾ കണ്ടെടുത്തു. 2016ലാണ് ഫ്ളാറ്റ് രമ്യയുടെ പേരിൽ വാങ്ങിയത്.
പരിശോധനാഫലം കാത്ത് പൊലീസ്
21ന് സഹോദരിയുടെ വീട്ടിൽനിന്ന് കുട്ടിയുമായി രാത്രി ഒമ്പതരയോടെ ഫ്ളാറ്റിലെത്തിയ സാനു അരമണിക്കൂറിനുളളിൽ അവിടെ നിന്നിറങ്ങി. ഫ്ളാറ്റിന്റെ ലിഫ്റ്റിൽ അയൽക്കാരൻ കാണുമ്പോൾ കുട്ടി സാനുവിന്റെ തോളിൽ മയങ്ങിക്കിടക്കുകയായിരുന്നു. കുട്ടി കാറിൽ വരുമ്പോഴും മയക്കത്തിലായിരുന്നതായാണ് വിവരം. വൈഗയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം തന്നെയാണ്. ആന്തരികാവയവ പരിശോധാഫലത്തിനായി കാക്കുകയാണ് പൊലീസ്. ഫ്ളാറ്റിൽ കണ്ടെത്തിയ ചോരപ്പാടുകളുടെ ഫോറൻസിക് ഫലവും വരാനുണ്ട്.
കടയിലും ഫ്ളാറ്റിലും തട്ടിപ്പ്
പ്രമുഖ ഗൃഹോപകരണ സ്ഥാപനത്തിന് സാനു 1.30 ലക്ഷംരൂപ കൊടുക്കാനുണ്ട്. ഇന്റീരിയർ ഡിഡെെനിംഗിനുള്ള സാധനങ്ങൾ വാങ്ങിയ തുകയാണിത്. സാനു നൽകിയ എസ്.ബി.ഐ കാക്കനാട് ശാഖയിലെ ചെക്ക് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയതോടെ ജീവനക്കാർ അന്വേഷിച്ചെത്തിയിരുന്നു. താമസിച്ചിരുന്ന ഫ്ളാറ്റിലെ അഞ്ചുപേരുൾപ്പെടെ പതിനഞ്ചോളം പേരിൽനിന്ന് വൻതുക സാനു കടംവാങ്ങിയതായും വിവരമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |