
കോഴിക്കോട്: കെ എസ് ആർ ടി സി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. കാരന്തൂർ സ്വദേശി ഇബ്രാഹിമിനെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇന്നലെ രാത്രി 12 മണിയോടെ കോഴിക്കോട്- മാനന്തവാടി കെ എസ് ആർ ടി സി ബസിലാണ് സംഭവം നടന്നത്. ബസ് യാത്ര തുടരവേ ഇബ്രാഹിം യുവതിയെ കയറിപിടിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. തുടർന്ന് യുവതി ബഹളം വയ്ക്കുകയും കുന്നമംഗലം എത്തിയപ്പോൾ മറ്റ് യാത്രക്കാർ പ്രതിഷേധിക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.
ഇതിനിടെ കോഴിക്കോടുനിന്ന് മറ്റൊരു ഡ്രൈവർ എത്തി ബസ് യാത്ര തുടർന്നു. പിന്നാലെ പൊലീസ് എത്തി ഇബ്രാഹിമിനെയും യുവതിയെയും സ്റ്റേഷനിൽ എത്തിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്: കോഴിക്കോടുനിന്ന് മാനന്തവാടിയിലേയ്ക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ നല്ല തിരക്കുണ്ടായിരുന്നു. ഡ്രൈവറുടെ സീറ്റിന് സമീപമാണ് പരാതിക്കാരി ഇരുന്നത്. ബസ് ഓടിക്കുന്നതിനിടയിൽ ഇബ്രാഹിം കയറിപിടിച്ചുവെന്നാണ് യുവതിയുടെ പരാതി. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |