
കണ്ണൂർ: ബസിടിച്ച് സ്കൂൾ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കണ്ണൂർ തളിപ്പറമ്പ് കപ്പാലത്താണ് സംഭവം. തൃച്ചംബരം യുപി സ്കൂളിലെ വിദ്യാർത്ഥി ബിലാലിനാണ് (11) പരിക്കേറ്റത്. അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് സൈക്കിളിൽ പോവുകയായിരുന്ന കുട്ടിയെ ഇടിക്കുകയായിരുന്നു. ബിലാലിനെ ഇപ്പോൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ 10.15 ഓടെയായിരുന്നു അപകടം. സൈക്കിളിൽ റോഡ് മുറിച്ചുകടക്കുകയായിരുന്നു കുട്ടി. ഈ സമയത്ത് ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുകയായിരുന്ന ബസ് അമിത വേഗത്തിലെത്തി കുട്ടിയെ ഇടിക്കുകയായിരുന്നു. തുടർന്ന് റോഡിൽ വീണ കുട്ടി ദൂരേക്ക് തെറിച്ച് പോയി. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശത്ത് കേടുപാട് പറ്റിയത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഉടൻ തന്നെ നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിന് ശേഷം രോഷാകുലരായ നാട്ടുകാർ ബസ് അടിച്ചുതകർത്തു.
കഴിഞ്ഞ ദിവസം വേങ്ങരയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരണപ്പെട്ടിരുന്നു. കക്കോടി സ്വദേശികളായ ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ രണ്ട് സ്വകാര്യ ബസുകൾക്കിടയിൽ പെട്ടാണ് അപകടമുണ്ടായത്. മറ്റൊരു ബൈക്ക് യാത്രികനും അപകടത്തിൽപ്പെട്ടിരുന്നു. ഇയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഷൈജുവും ജീമയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് മുന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് ബ്രേക്കിട്ടു. പിന്നാലെ സ്കൂട്ടറും ബ്രേക്കിട്ടു. എന്നാൽ, ഇവർക്ക് പിന്നിലുണ്ടായിരുന്ന മറ്റൊരു സ്വകാര്യ ബസ് സ്കൂട്ടറിനെയും അടുത്തുണ്ടായിരുന്ന ഒരു ബൈക്കിനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |