തൃശൂർ: അച്ഛനെ വെട്ടിയതിന് പിന്നാലെ ആത്മഹത്യാ ഭീഷണി മുഴക്കി മകൻ. തൃശൂർ മുത്രത്തിക്കരയിലാണ് സംഭവം. ശിവൻ (70) എന്നയാളെ മകൻ വിഷ്ണു ആണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ശിവനെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പരിസരവാസികളാണ് ശിവനെ ആശുപത്രിയിൽ എത്തിച്ചത്. കുടുംബവഴക്കിനിടയിലായിരുന്നു അച്ഛനെ മകൻ വെട്ടിയതെന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിലിടെ വിഷ്ണു രണ്ടാം നിലയിലെ മുറിയിൽ ഒളിച്ചിരുന്നു. പൊലീസ് വാതിലും ജനാലകളും പൊളിച്ച് വിഷ്ണുവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും വിഫലമായി. ആത്മഹത്യാ ഭീഷണി മുഴക്കുകയും അക്രമസ്വഭാവം കാണിക്കുകയും ചെയ്ത വിഷ്ണു മണിക്കൂറുകളോളമായി രണ്ടാം നിലയിൽ തുടരുകയാണെന്നാണ് വിവരം.
ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വേദരുദ്രൻ എന്ന പേരില്‍ അക്കൗണ്ടുള്ള വിഷ്ണു ആയോധന കലകളുടെയടക്കം ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. തൃശൂലം പിടിച്ചു നിൽക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. അപകടകരമായ നിരവധി വസ്തുക്കൾ നിറഞ്ഞ മുറിക്കുള്ളിലാണ് ഇയാളുള്ളത്. വിഷ്ണുവിനെ അനുനയിപ്പിക്കാനുള്ള കഠിനശ്രമത്തിലാണ് പൊലീസും ഫയർഫോഴ്സും. വീട്ടിൽ ആഭിചാരക്രിയകൾ നടന്നതിന്റെ തെളിവായി കോഴിത്തലയും മുടി കത്തിച്ചതിന്റെ അവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |