
നെയ്യാറ്റിൻകര: മദ്യപാനിയായ പിതാവിന്റെ സ്ഥിരമായുള്ള മർദ്ദനത്തിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെല്ലിമൂട് സ്‌കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന ടോയ്ലെറ്ര് ക്ളീനർ കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം.
സംഭവത്തിൽ കുട്ടിയുടെ പിതാവ് അരംഗമുകൾ ഇലവുംതട്ട് വീട്ടിൽ പ്രബോധചന്ദ്രനെ (45) നെയ്യാറ്റിൻരകര പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ഡോക്ടർമാർ പറഞ്ഞു. ഭാര്യയ്‌ക്കും ഏകമകൾക്കുമൊപ്പമാണ് പ്രതി താമസിക്കുന്നത്.
ഇയാൾ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയശേഷം പെൺകുട്ടിയെ സ്ഥിരമായി മർദ്ദിക്കുന്നതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ പലതവണ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇയാളെ പൊലീസ് വിളിച്ചുവരുത്തി ശാസിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇക്കാര്യം പെൺകുട്ടി പൊലീസിനോടും പറഞ്ഞിട്ടുണ്ട്. പഠിക്കാൻ മിടുക്കിയായ പെൺകുട്ടി സ്‌കൂളിലെ എൻ.സി.സി കേഡറ്റാണ്. എൻ.സി.സിയിലെ മികവിന് സമ്മാനവും ലഭിച്ചിട്ടുണ്ട്.
ഉപദ്രവം പതിവ്
പിതാവിന്റെ ഉപദ്രവം സഹിക്കവയ്യാതെയാണ് മകളുടെ ആത്മഹത്യാശ്രമമെന്ന് മാതാവ് പറഞ്ഞു. കഴിഞ്ഞ നാലുവർഷത്തിനിടെ മുഖ്യമന്ത്രി,റൂറൽ എസ്.പി തുടങ്ങിയവർക്കും പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം വനിത സെല്ലിന് നൽകിയ പരാതിയിൽ തുടർനടപടി സ്വീകരിച്ചിരുന്നു. അതിന്റെ ഭാഗമായി ആറുമാസം പ്രബോധചന്ദ്രൻ മദ്യപാനം ഉപേക്ഷിക്കുകയും വീട്ടുകാര്യങ്ങൾ നോക്കുകയും ചെയ്‌തിരുന്നു. എന്നാൽ വീണ്ടും മദ്യപാനം ആരംഭിച്ചതോടെ തന്നെയും മകളെയും നിരന്തരം ഉപദ്രവിച്ചു. തന്റെയും ഭർത്താവിന്റെയും പേരിലാണ് വീട്. സ്വകാര്യ സ്‌കൂളിൽ ഹെൽപ്പറായ തനിക്ക് ആ വരുമാനം മാത്രമാണുള്ളതെന്നും അതിനാൽ വാടക വീട്ടിലേക്ക് പോകാൻ കഴിയാത്തതിനാലാണ് ഇയാൾക്കൊപ്പം കഴിയുന്നതെന്നും പെൺകുട്ടിയുടെ മാതാവ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |