
നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി മുൻ എം എൽ എ പി ടി തോമസിന്റെ ഭാര്യയും എം എൽ എയുമായ ഉമ തോമസ്. ആക്രമിക്കപ്പെട്ട നടിയെ ഏറ്റവുമധികം പിന്തുണച്ചവരിൽ ഒരാളായിരുന്നു പി ടി തോമസ്. അദ്ദേഹത്തിന്റെ ആത്മാവ് ഈ വിധിയിൽ തൃപ്തമാകുമോയെന്ന് ചോദിച്ചുകൊണ്ട് വികാരനിർഭരമായ കുറിപ്പാണ് ഉമ തോമസ് പങ്കുവച്ചിരിക്കുന്നത്.
പി ടിയുടെ ആത്മാവ് ഒരിക്കലും തൃപ്തമാകില്ലെന്നും കോടതി നടപടികൾ നടക്കുമ്പോൾ അതിജീവിത ആശങ്കപ്പെട്ടതാണ് സംഭവിച്ചിരിക്കുന്നതെന്നും ഉമ തോമസ് വ്യക്തമാക്കി. ഉപാധികളൊന്നുമില്ലാതെ അതിജീവിതയ്‌ക്കൊപ്പമായിരിക്കുമെന്നും അവർ കുറിച്ചു.
എട്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കേസിൽ ഇന്ന് കോടതി വിധി വന്നത്. പൾസർ സുനി ഉൾപ്പെടെയുള്ള ആദ്യത്തെ ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവർക്കെതിരെ ബലാത്സംഗം ഉൾപ്പെടെ പ്രോസിക്യൂഷൻ ആരോപിച്ച എല്ലാ കുറ്റങ്ങളും തെളിഞ്ഞു. എന്നാൽ ദിലീപ് അടക്കമുള്ള പ്രതികളെ കുറ്റവിമുക്തനാക്കുകയും ചെയ്‌തിരുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ്
പി ടി ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്.
കോടതിക്ക് മുമ്പിൽ മൊഴി കൊടുക്കാൻ പോയത്.
അവൾക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്.
പി ടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ തൃപ്‌തമാകുമോ?
ഒരിക്കലുമില്ല.
കോടതി നടപടികൾ തുടരുമ്പോൾ,
എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു.
ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |