കണ്ണൂർ: ജീവനക്കാരെ സമർത്ഥമായി കബളിപ്പിച്ച് സ്വർണം മോഷ്ടിച്ച യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂർ ധർമ്മടം നടുവിലത്തറ സ്വദേശിനി ആയിഷ എന്ന നാൽപ്പത്തൊന്നുകാരിയാണ് പിടിയിലായത്. മാഹി ബസലിക്കയ്ക്ക് സമീപത്തെ ജുവലറിയിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആയിഷ മാല അടിച്ചുമാറ്റിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
സ്വർണമോതിരം വേണമെന്ന ആവശ്യവുമായാണ് ആയിഷ ജുവലറിയിലെത്തിയത്. ഈ സമയം മറ്റുജീവനക്കാരും സ്വർണം വാങ്ങാൻ ആളുകളും ഉണ്ടായിരുന്നു. ജീവനക്കാരി സ്വർണമോതിരങ്ങൾ കാണിക്കുന്നതിനിടെ മാലകളും വേണമെന്ന് ആയിഷ ആവശ്യപ്പെട്ടു. ഉടൻതന്നെ ജീവനക്കാരി മാലകൾ അടങ്ങിയ പെട്ടി ആയിഷയ്ക്ക് മുന്നിൽ വച്ചു. മോതിരങ്ങളും മാലകളും പരിശോധിച്ചെങ്കിലും ഇഷ്ടപ്പെട്ട മോഡൽ കിട്ടിയില്ലെന്ന് ആയിഷ ജീവനക്കാരിയോട് പറഞ്ഞു.തുടർന്ന് ആഭരണങ്ങൾ ഷോക്കേസിൽ വയ്ക്കുന്നതിനായി ജീവനക്കാരി തിരിയുന്നതിനിടെയാണ് ആരുടെയും കണ്ണിൽപ്പെടാതെ മാല അടിച്ചുമാറ്റിയത്. മറ്റാരും കണ്ടില്ലെങ്കിലും ആയിഷയുടെ തലയ്ക്കുമുകളിൽ സ്ഥാപിച്ചിരുന്ന സിസിടിവി എല്ലാം കാണുന്നുണ്ടായിരുന്നു. ഇത് അവർ ശ്രദ്ധിച്ചുമില്ല. മോഷണം നടത്തിയശേഷം തൊട്ടടുത്തുള്ള ജുവലറികളിൽ കൂടുതൽ മോഡൽ ഉണ്ടാവുമോ എന്ന് ജീവനക്കാരിയോടെ കുശലാന്വേഷണവും നടത്തിയാണ് ആയിഷ മടങ്ങിയത്.
കണക്ക് പരിശോധിക്കുന്നതിനിടെയാണ് മാല നഷ്ടമായ വിവരം ജുവലറി ഉടമയും ജീവനക്കാരും അറിയുന്നത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ കണ്ടെത്തിയത്. പരാതിയെത്തുടർന്ന് മാഹി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ണൂരിൽ നിന്ന് ആയിഷ പിടിയിലായി. വടകരയിൽ വിറ്റ ആഭരണവും പൊലീസ് കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |