മലയാളത്തിൽ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനായിരുന്നു ലോഹിതദാസ്. അദ്ദേഹത്തിന്റെ മരണശേഷം കുടുംബം സാമ്പത്തികമായി ചില ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു. ലോഹിതദാസിന്റെ മകനായ ഹരികൃഷ്ണൻ ലോഹിതദാസും സിനിമാമേഖലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ധീരൻ എന്ന ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫറാണ് ഹരികൃഷ്ണൻ. ഇപ്പോഴിതാ ഹരികൃഷ്ണൻ അച്ഛനെക്കുറിച്ചുളള ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. കൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'അച്ഛൻ മരിച്ചപ്പോൾ കൂടെയുണ്ടായിരുന്നവരും സാമ്പത്തികപരമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു. എന്നാലും സിനിമയുടെ അകത്ത് നിന്ന് സഹായങ്ങളുണ്ടായിട്ടുണ്ട്. എന്റെ പഠനത്തിനാവശ്യമായ പണം മുടക്കിയത് ദിലീപായിരുന്നു. സിനിമാറ്റോഗ്രഫി പഠിക്കാൻ പോയ സമയത്ത് എനിക്ക് സ്വന്തമായി ക്യാമറ ഇല്ലായിരുന്നു. മമ്മൂക്കയാണ് ക്യാമറയും കുറേ വസ്ത്രങ്ങളും വാങ്ങിത്തന്നത്. ഇപ്പോഴും എന്റെ കൈയിലുളളത് ആ ക്യാമറ തന്നെയാണ്.
ജീവിതമാർഗമാണ് അവരൊക്കെ എനിക്ക് തന്നിട്ടുളളത്. അച്ഛനെ അറിഞ്ഞാണ് അവർ സഹായിച്ചിട്ടുളളത്. ഞങ്ങളുടെ എല്ലാ കാര്യങ്ങളും അവർ അന്വേഷിക്കുന്നുണ്ട്. അച്ഛനും, സംവിധായകൻ സിബി മലയിലും മോഹൻലാലും തമ്മിലുളള സൗഹൃദം വലിയ ആഴത്തിലുളളതായിരുന്നു. ദിലീപ് നായകനായ ജോക്കർ എന്ന സിനിമയ്ക്കായി സർക്കസ് കൂടാരത്തിന്റെ സെറ്റിട്ടിരുന്നില്ല. സർക്കസ് ഷോ ഇല്ലാതിരുന്നപ്പോഴാണ് അച്ഛൻ ഷൂട്ടിംഗ് നടത്തിയിരുന്നത്. മറ്റുളളവർ വിചാരിച്ചത് അതിനായി സെറ്റിട്ടെന്നാണ്. ഞാനും അനുജനും ഒരുപാട് ദിവസം അവിടെ പോയിട്ടുണ്ട്. സർക്കസ് ഷോകൾ ഫ്രീയായിട്ടായിരുന്നു കണ്ടത്'- ഹരികൃഷ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |