
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ടതും ദിലീപ് പ്രതിയായതും താരസംഘടനയായ 'അമ്മ"യിൽ മാത്രമല്ല, സിനിമാമേഖലയിലാകെ സൃഷ്‌ടിച്ച ചേരിതിരിവും വിവാദങ്ങളും കെട്ടടങ്ങിയിട്ടില്ല. അമ്മ വിട്ട യുവനടിമാർ തുടക്കം കുറിച്ച വനിതാ കൂട്ടായ്‌മ ഡബ്ളിയു.സി.സി അതിജീവിതയ്‌ക്കായി പോരാട്ടം തുടരും.
നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് എറണാകുളം ഡർബാർ ഹാൾ മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ ദിലീപ് ഉൾപ്പെടെ അഭിനേതാക്കൾ പങ്കെടുത്തിരുന്നു.
ദിലീപ് അറസ്റ്റിലായതോടെ നടപടി വേണമെന്ന് പൃഥ്വിരാജും ആസിഫലിയും ഉൾപ്പെടെ യുവതാരങ്ങൾ ആവശ്യപ്പെട്ടു. സസ്‌പെൻഡ് ചെയ്‌തെങ്കിലും പുറത്താക്കണമെന്ന നിലപാടിൽ ഒരുവിഭാഗം ഉറച്ചുനിന്നു. പുറത്താക്കാൻ അമ്മ പൊതുയോഗത്തിനേ അധികാരമുള്ളു എന്നായിരുന്നു ഭാരവാഹികളുടെ നിലപാട്. 2018ൽ പൊതുയോഗം ചേരുന്നതിന് മുമ്പ് ദിലീപ് രാജിവച്ചു.
വനിതാ കൂട്ടായ്‌മ ശക്തമായി
സിനിമയിലെ സ്ത്രീസുരക്ഷ ഉന്നയിച്ച് വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ളിയു.സി.സി) രൂപീകരിക്കപ്പെട്ടു. അമ്മയിൽ നിന്ന് രാജിവച്ച നടിമാരായ ഗീതു മോഹൻദാസ്, രമ്യാ നമ്പീശൻ, റിമ കല്ലിങ്കൽ, ഭാവന എന്നിവരും 2020ൽ അമ്മയിൽ നിന്ന് രാജിവച്ച പാർവതി തെരുവോത്തും ഡബ്ളിയു.സി.സിയിലെത്തി.
നടി ആക്രമിക്കപ്പെട്ടതും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടും സൃഷ്‌ടിച്ച മാറ്റങ്ങളാണ് അമ്മയുടെ ഭാരവാഹിത്വം നടിമാരിൽ വന്നെത്താൻ വഴിതെളിച്ചത്. പ്രസിഡന്റ്, സെക്രട്ടറി ഉൾപ്പെടെ പ്രധാന പദവികൾ നടിമാർക്ക് ലഭിച്ചത് ചരിത്രവുമായി.
ഹേമ കമ്മിഷൻ
മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമം, വിവേചനം തുടങ്ങിയ വിഷയങ്ങൾ പഠിക്കാൻ ജസ്റ്റിസ് കെ. ഹേമ കമ്മിഷനെ സർക്കാർ നിയോഗിച്ചത് നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ്. 2019ൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും രഹസ്യമായി സൂക്ഷിച്ചു. 2024 ആഗസ്റ്റ് 19നാണ് വിവരാവകാശ നിയമം അനുസരിച്ച് പുറത്തുവിട്ടത്. റിപ്പോർട്ടിന്റെ തുടർച്ചയായി 35 കേസുകൾ രജിസ്റ്റർ ചെയ്‌തെങ്കിലും മൊഴി നൽകാൻ ഇരകൾ തയ്യാറാകാത്തതിനാൽ മുഴുവൻ കേസുകളും അവസാനിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |