
പൊൻകുന്നം: വ്യവഹാരങ്ങളിൽനിന്ന് മോചനം നേടുന്നതിനായി ദിലീപ് രണ്ടുവട്ടം വന്ന് പ്രാർത്ഥിച്ച ചെറുവള്ളി ക്ഷേത്രവും ജഡ്ജിയമ്മാവനും നടിയെ ആക്രമിച്ച കേസിൽ കോടതിവിധി വന്നതോടെ ശ്രദ്ധാകേന്ദ്രമായി.
തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ക്ഷേത്രമായ ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവാലയമാണ് ജഡ്ജിയമ്മാവൻ കോവിൽ.
നടിയെ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട് ദിലീപ് റിമാൻഡിലായപ്പോൾ 2017ൽ അദ്ദേഹത്തിന്റെ സഹോദരൻ അനൂപാണ് ആദ്യം ദർശനം നടത്തിയത്. പിന്നീട് 2019 മാർച്ചിൽ ദിലീപ് ദർശനത്തിനെത്തി. 2022ലും ദിലീപ് ജഡ്ജിയമ്മാവന്റെ നടയിൽ പ്രാർത്ഥനയ്ക്കും വഴിപാടിനുമായി എത്തിയിരുന്നു. കോടതിവ്യവഹാരങ്ങളിൽ പെടുന്നവർ തങ്ങളുടെ ഭാഗത്തിന് നീതി ലഭിക്കാൻ കാലങ്ങളായി ജഡ്ജിയമ്മാവൻ കോവിലിൽ വഴിപാട് നടത്താൻ എത്താറുണ്ട്. ഹർജി പകർപ്പ് നടയിൽ സമർപ്പിച്ച് അടവഴിപാട് നടത്തിയാണ് പ്രാർത്ഥന. ശബരിമല സ്ത്രീപ്രവേശന വിഷയം കോടതിയിലെത്തിയപ്പോൾ അനുകൂല വിധിക്കായി മുൻ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ കേസിന്റെ രേഖകൾ ക്ഷേത്രത്തിൽ സമർപ്പിച്ച് പ്രാർത്ഥന നടത്തിയിരുന്നു. സാധാരണക്കാർ മുതൽ സിനിമാ, സീരിയൽ, രാഷ്ട്രീയരംഗത്തെ പ്രമുഖരുൾപ്പെടെ ദിവസവും നിരവധി പേർ ദർശനത്തിനെത്താറുണ്ട്.
ചെറുവള്ളി ദേവീക്ഷേത്രത്തിലെ പൂജകൾ കഴിഞ്ഞ് നടയടച്ചശേഷം രാത്രി എട്ടുമണിയോടെയാണ് ജഡ്ജിയമ്മാവൻ കോവിലിൽ പൂജ. ചലച്ചിത്രതാരങ്ങളായ സിദ്ധിഖ്, ഭാമ, വിശാൽ തുടങ്ങിയവരെല്ലാം ഇവിടെയെത്തിയിട്ടുണ്ട്. ക്രിക്കറ്റ് കോഴ വിവാദവും കേസും വന്നപ്പോൾ ഇന്ത്യൻതാരം ശ്രീശാന്തും വഴിപാട് നടത്താനെത്തി. ആർ.ബാലകൃഷ്ണപിള്ള ജഡ്ജിയമ്മാവന്റെ ഭക്തനായിരുന്നു. ജയലളിത, രാഹുൽഗാന്ധി, കെ.കരുണാകരൻ എന്നിവർക്കെല്ലാം വേണ്ടി അനുയായികൾ വഴിപാട് നടത്തിയിട്ടുണ്ട്.
ജഡ്ജിയമ്മാവന്റെ ചരിത്രം
ധർമരാജാവിന്റെ കാലത്ത് തിരുവിതാംകൂറിലെ സദർകോടതി ജഡ്ജിയായിരുന്ന തലവടി രാമവർമപുരം ഗോവിന്ദപ്പിളളയാണ് ജഡ്ജിയമ്മാവൻ. നീതി നടപ്പാക്കുന്നതിൽ കൃത്യത പുലർത്തിയിരുന്ന ഇദ്ദേഹം തന്റെ സഹോദരിയുടെ മകൻ പത്മനാഭപിള്ളയെ തെറ്റിദ്ധാരണയുടെ പേരിൽ വധശിക്ഷയ്ക്ക് വിധേയനാക്കി. തനിക്ക് തെറ്റുപറ്റിയെന്നും അനന്തരവൻ നിരപരാധിയാണെന്നും അറിഞ്ഞപ്പോൾ ഗോവിന്ദപ്പിള്ള സ്വയം വധശിക്ഷ വിധിച്ച് മരണം സ്വീകരിച്ചു. ഇദ്ദേഹത്തിന്റെ ആത്മാവിനെയാണ് പിന്നീട് ചെറുവള്ളി ക്ഷേത്രത്തിൽ കുടിയിരുത്തിയത്. ചെറുവള്ളി പയ്യമ്പള്ളി കുടുംബത്തിലെ പിൻതലമുറയായിരുന്നു ഇദ്ദേഹം. കുടുംബദേവതയുടെ സന്നിധിയിലേക്ക് പ്രശ്നവിധിപ്രകാരമാണ് ജഡ്ജിയമ്മാവനെ പ്രതിഷ്ഠിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |