
ആലുവ: ദിലീപ് കുറ്റവിമുക്തനായതോടെ നടന്റെ ആലുവയിലെ വീടിന് മുന്നിൽ ആരാധകരുടെ ആഹ്ളാദമായിരുന്നു. കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചും അവർ ആഘോഷിച്ചു.
സ്ത്രീകൾ ഉൾപ്പെടെ ആലുവ പാലസിന് സമീപത്തെ കൊട്ടാരക്കടവിലെ പത്മസരോവരം വീടിന് മുന്നിലെത്തി. ദിലീപിന്റെ ഭാര്യ കാവ്യ മാധവൻ, മക്കളായ മീനാക്ഷി, മഹാലക്ഷ്മി, ദിലീപിന്റെ സഹോദരി, സഹോദരൻ അനൂപിന്റെ മക്കൾ തുടങ്ങിയവർ വീട്ടിലുണ്ടായിരുന്നു. വീടിനോട് ചേർന്ന പറമ്പിൽ പടക്കങ്ങൾ പൊട്ടി. ഗേറ്റിന് പുറത്ത് ദിലീപിന്റെയും കാവ്യയുടെയും ചിത്രമുള്ള കേക്കുമായി ആദ്യമെത്തിയത് കുഞ്ഞുണ്ണിക്കര സ്വദേശി അസ്‌ലാമാണ്.
ഉച്ചക്ക് 1.10നാണ് അനൂപിനും മറ്റ് സുഹൃത്തുക്കൾക്കുമൊപ്പം ദിലീപെത്തിയത്. ഗേറ്റിന് സമീപം കാർ നിറുത്തിയപ്പോൾ ആരാധകരും മാദ്ധ്യമ പ്രവർത്തകരും വളഞ്ഞു. ഒന്നും പറയാതെ പുഞ്ചിരിയോടെ വളരെ പ്രയാസപ്പെട്ടാണ് വീട്ടുവളപ്പിലേക്ക് കയറിയത്. ഇതിനിടെ ആരാധകർ കൊണ്ടുവന്ന കേക്ക് ദിലീപ് മുറിച്ചു. കാവ്യ മാധവനും മക്കളും സഹോദരിയും ഓടിയെത്തി ദിലീപിനെ ആലിംഗനം ചെയ്തു.
സുഹൃത്തുക്കളായ ബൈജു അത്താണി,ശരത് സൂര്യ എന്നിവരും ദിലീപിനൊപ്പമുണ്ടായിരുന്നു.
വീട്ടിൽ പ്രത്യേക പൂജ
കോടതി വിധി വരുന്നതിന്റെ തലേരാത്രി ദിലീപിന്റെ വസതിയിൽ പ്രത്യേക പൂജ നടന്നു. കേസിന്റെ പല ഘട്ടങ്ങളിലും ദിലീപ് ആലുവ മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തിലും എടത്തല എട്ടേക്കർ സെന്റ് ജൂഡ് പള്ളിയിലും പോയി പ്രാർത്ഥിക്കാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |