
കൊച്ചി: ഏഴു വർഷവും ഒമ്പതു മാസവും നീണ്ട അതിസങ്കീർണമായ വിചാരണ നടപടികൾക്കാണ് നടിയെ ആക്രമിച്ച കേസിൽ പരിസമാപ്തിയാകുന്നത്. 2018 മാർച്ച് എട്ടിന് ആരംഭിച്ച വിചാരണ നീളാൻ ജഡ്ജിക്കെതിരായ ആരോപണങ്ങളും പുതിയ വെളിപ്പെടുത്തലുകളുമെല്ലാം കാരണമായി. കൊവിഡ് ലോക്ഡൗൺ കാരണം രണ്ടു വർഷത്തോളം വിചാരണ തടസപ്പെട്ടു. അതിജീവിത ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കസ്റ്റഡിയിലിരിക്കെ തുറന്നു പരിശോധിക്കപ്പെട്ടതും വിവാദമായി. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി അനുവദിച്ച സമയപരിധി പലവട്ടം കടന്നുപോയി. എങ്കിലും കേസിന്റെ സവിശേഷ സ്വഭാവവും സാക്ഷികളുടെയും തെളിവുകളുടെയും ബാഹുല്യവുമെല്ലാം കണക്കിലടുത്ത് ഒരേ ജഡ്ജിക്കു മുന്നിൽ തന്നെ നടപടികൾ തുടരുകയായിരുന്നു.
കേസിൽ സാക്ഷിവിസ്താരത്തിന് മാത്രം 438 ദിവസം വേണ്ടിവന്നു. വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ 833 രേഖകൾ ഹാജരാക്കി. പ്രതിഭാഗം 221 രേഖകളാണ് ഹാജരാക്കിയത്.
കേസിൽ 261 സാക്ഷികളെ കോടതിയിൽ ഹാജരാക്കി. ഇതിൽ 28 പേർ കൂറുമാറി. സംസ്ഥാനത്ത് ഇത്രയധികം സാക്ഷികളെ വിസ്തരിച്ച അപൂർവം കേസുകളിലൊന്നാണിത്. കേസിൽ ഡിജിറ്റൽ ഉപകരണങ്ങളടക്കം 142 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം കഴിഞ്ഞവർഷം സെപ്തംബറിൽ പൂർത്തിയായതാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെയാണ് അവസാനം വിസ്തരിച്ചത്. 109 ദിവസമെടുത്തു ഇത് പൂർത്തിയാക്കാൻ.
തുടർന്ന് പ്രതിഭാഗം സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി ഈ വർഷം ആദ്യം വിധി പ്രസ്താവിക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ, നടപടിക്രമം നീണ്ടുപോയതോടെ അന്തിമവിധിപ്രസ്താവവും നീണ്ടുപോയി.
പ്രതിപ്പട്ടികയിൽ പത്താമതുണ്ടായിരുന്ന വിഷ്ണു പിന്നീട് മാപ്പുസാക്ഷിയായി. ജയിലിൽ പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ഇയാൾ പണത്തിനായി ദിലീപിനെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു പരാതി. ആക്രമണ ദൃശ്യങ്ങളടങ്ങിയ ഫോണുകൾ നശിപ്പിച്ചെന്നാരോപിച്ച്, സുനിയുടെ ആദ്യ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിപ്പട്ടികയിൽ 11, 12 സ്ഥാനത്തുണ്ടായിരുന്ന ഇവർ നേരത്തേ കുറ്റവിമുക്തരായി. 13-ാം പ്രതി ബി.എൽ. വിപിൻ ലാൽ, 14-ാം പ്രതി പി.കെ. അനീഷ് എന്നിവരും മാപ്പുസാക്ഷികളായി.
മുഖ്യപ്രതികളായ ആറു പേരാണ് ഒടുവിൽ ശിക്ഷ നേടുന്നത്. കുറ്റകൃത്യം ഹീനവും ഗൗരവമേറിയതും സ്ത്രീക്കെതിരെയുമായതിനാൽ, ഏറെനാൾ ജയിലിൽ കഴിയേണ്ടി വന്നവർക്കുള്ള ഇളവിന് അവർ അർഹരല്ലെന്ന് ഇന്നലെ കോടതി പറഞ്ഞു. കുറ്റക്കാരെന്നു കണ്ടവരുടെ ജാമ്യം റദ്ദാക്കി റിമാൻഡിൽ വിടുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |