ആവേശമായി ക്രിസ്റ്റഫർ ഫസ്റ്റ് ലുക്ക് , റോഷാക്ക് ട്രെയിലർ വൈകുന്നേരം
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് ജന്മദിനം. വീണ്ടും ഒരു ജന്മദിന ആഘോഷം കൂടി എത്തുമ്പോൾ പതിവുപോലെ മമ്മൂട്ടി ബഹളങ്ങളുടെ നടുക്ക്. മലയാളത്തിന്റെ പ്രിയ നടനായി മാറി അന്നുമുതൽ മമ്മൂട്ടിയുടെ ജന്മദിനങ്ങൾ ബഹളങ്ങളുടെ നടുക്ക് തന്നെയായിരുന്നു. മമ്മൂട്ടി ഇന്ന് 71-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ പതിവിലും ആവേശത്തിലാണ് ആരാധകർ. പ്രഖ്യാപനം മുതൽ ആരാധകരെ ആവേശത്തിലാക്കുന്ന ചിത്രങ്ങളാണ് ക്രിസ്റ്റഫറും, റോഷാക്കും. ഇന്നലെ പുറത്തിറങ്ങിയ ക്രിസ്റ്റഫറിന്റെ ഫസ്റ്റ് ലുക്ക് ആവേശം തന്നെ തീർത്തു. എന്നും ആരാധകരെ ത്രസിപ്പിക്കുന്ന പൊലീസ് വേഷമാണ് ക്രിസ്റ്റഫറിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന എത്രാമത്രെ പൊലീസ് വേഷം എന്ന ചോദ്യത്തിന് പ്രസക്തിയില്ല. മമ്മൂട്ടി കാക്കി അണിഞ്ഞാൽ ആരാധകർ പ്രദർശനശാലകളിൽ കടലായി ഇരമ്പും. ഫസ്റ്റ് ലുക്കും സെക്കന്റ് ലുക്കും മേക്കിംഗ് വീഡിയോയും തീർത്ത അലയലകൾ തന്നെ ജന്മദിനത്തിൽ പുറത്തിറങ്ങുന്ന റോഷാക്ക് ട്രെയിലറും സമ്മാനിക്കുമെന്ന് ഉറപ്പ്.ഇന്ന് വൈകുന്നേരം ട്രെയിലർ പുറത്തിറങ്ങും. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമാണ് റോഷാക്ക്. ടൈറ്റിൽ പോലെ റോഷാക്ക് വൻ ദൃശ്യവിരുന്ന് ഒരുക്കുമെന്ന പ്രതീക്ഷയാണ് ആരാധകർക്ക്. ഈ മാസം 22ന് റിലീസ് ചെയ്യാനാണ് തീരുമാനം. മമ്മൂട്ടി ചിത്രം ഓണം റിലീസായി എത്താത്തത് ആരാധകരെ നിരാശരാക്കുന്നില്ല.ചാനലുകളിൽ മമ്മൂട്ടി ചിത്രങ്ങൾ വിരുന്നിനുണ്ട്. പ്രിയപ്പെട്ടവർക്കൊപ്പം കേക്ക് മുറിച്ചാണ് മമ്മൂട്ടിയുടെ ഇത്തവണത്തെയും പിറന്നാൾ . മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആഘോഷവും സാമൂഹ്യപ്രവർത്തനവും സംഘടിപ്പിച്ചിട്ടുണ്ട്. ജന്മദിനാശംസ നേരാൻ മലയാളികളും ഒന്നടങ്കം. ഒപ്പം ഇന്ത്യൻ സിനിമാ ലോകവും. ഈ മഹാനടൻ ഇനിയും ആഘോഷിക്കട്ടെ ഒരുപാട് ജന്മദിനങ്ങൾ എന്നാണ് മലയാളിയുടെ ആഗ്രഹവും പ്രാർത്ഥനയും. അവരാണ് മമ്മൂട്ടി എന്ന മഹാനടന്റെ ശക്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |