ഒരുപാട് വർഷങ്ങളായി ഓണം അമ്മയുടെ കൂടെയാണെന്ന് നടൻ മോഹൻലാൽ. അമ്മയ്‌ക്കൊപ്പം ഓണം ആഘോഷിക്കാനാണ് എപ്പോഴും താത്പര്യം. അമ്മയ്ക്ക് സുഖമില്ലെങ്കിലും ഓണത്തിന് അമ്മയുടെ അടുത്തെത്താൻ ശ്രമിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മെഗാസ്റ്റാർ മമ്മൂട്ടിയുമായി മത്സരമില്ലെന്നും മോഹൻലാൽ വ്യക്തമാക്കി. 'ഞങ്ങൾ ഏതാണ്ട് അമ്പത്തിമൂന്ന് സിനിമകൾ ഒന്നിച്ച് ചെയ്തിട്ടുണ്ട്. ഇപ്പോഴും സിനിമകൾ ചെയ്യാൻ തയ്യാറാണ്. ഞങ്ങൾ തമ്മിൽ മത്സരമില്ല. കാരണം അദ്ദേഹത്തിന്റെ സിനിമകളും എന്റെ സിനിമകളും തമ്മിൽ വ്യത്യാസങ്ങളുണ്ട്. അദ്ദേഹത്തിന്റെ സിനിമ എനിക്ക് ചെയ്യാമെന്നോ അല്ലെങ്കിൽ എന്റെ സിനിമ അദ്ദേഹത്തിന് ചെയ്യാമെന്നോ ഞങ്ങൾ ചിന്തിച്ചിട്ടില്ല. ഞങ്ങൾ രണ്ടുപേരും കൂടി ഒരു സിനിമ ചെയ്യുകയെന്നത് അത്ര എളുപ്പമല്ല.
രണ്ട് പേർ ഒരു സിനിമ ചെയ്യുന്നതിലും രണ്ട് പേർ രണ്ട് സിനിമ ചെയ്യുന്നതല്ലേ നല്ലത്. ആൾക്കാർക്ക് ചെയ്യുകയും ചെയ്യാം. മത്സരിക്കേണ്ട കാര്യമില്ല. ഞങ്ങൾ സിനിമയിലേക്ക് വന്നത് ഏറ്റവും നല്ല സമയമായിരുന്നു. ഇപ്പോഴും മോശം എന്നല്ല പറയുന്നത്. ഒരുപാട് സംവിധായകർ, കഥകൾ അങ്ങനെ. നമ്മൾ അവരുടെയൊക്കെ അനുഗ്രഹത്തോടെ ഇതിൽ എത്തപ്പെട്ടുവെന്നതാണ് നല്ല കാര്യം.
എസ് പി പിള്ള സാറിന്റെയും ശിവാജി സാറിന്റെയും അമിതാബ് ബച്ചന്റെയും നാഗേശ്വര റാവു സാറിന്റെ കൂടെയൊക്കെ അഭിനയിച്ചിട്ടുണ്ട്. രാജ്കുമാർ സാറുമായി നല്ല സൗഹൃദമാണ്. അവരുടെയൊക്കെ അനുഗ്രഹമുണ്ട്. അതുപോലെ തന്നെ പത്മിനി അമ്മയെപ്പോലുള്ള സ്ത്രീകളും. ഇവിടെയൊന്നും മത്സരിക്കേണ്ട കാര്യമില്ല. ഒരു കുടുംബം പോലെയാണ്. എല്ലാം മനോഹരമായിട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്. അവരൊക്കെ പോയി. അവരൊക്കെ പോയതുകൊണ്ട് അത്തരത്തിലുള്ള സിനിമകൾ ഉണ്ടാകാൻ ഇനി പ്രയാസമാണ്.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |