തനിക്കെതിരെ തുടർച്ചയായി അശ്ലീല പരാമർശം നടത്തുന്നെന്ന നടി ഹണി റോസിന്റെ പരാതിയിൽ ഇന്നലെയാണ് വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മേപ്പാടി തൗസൻഡ് എക്കറിന് സമീപത്തെ അഞ്ച് റോഡിൽ വച്ചാണ് ഇന്നലെ രാവിലെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ ഹണി റോസിന് പിന്തുണയുമായെത്തിയിരിക്കുകയാണ് നടി മെറീന മൈക്കിൾ.
താൻ ബോബി ചെമ്മണ്ണൂരിന്റെ ആറോ ഏഴോ സ്ഥാപനങ്ങളിൽ ഉദ്ഘാടനത്തിന് പോയിട്ടുണ്ടെന്ന് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മെറീന വെളിപ്പെടുത്തി. ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിൽ ഉദ്ഘാടനത്തിന് പോകരുതെന്ന് തന്നോട് പലരും പറഞ്ഞിട്ടുമെന്ന് മെറീന വ്യക്തമാക്കി.
ബോബി ചെമ്മണ്ണൂർ പറയുന്ന പല കമന്റുകളും മുമ്പ് കേട്ടിട്ടുള്ളതിനാൽ അദ്ദേഹം അവിടെ ഉണ്ടോയെന്ന് ചോദിച്ച്, ഇല്ല എന്ന് ഉറപ്പിച്ച ശേഷം മാത്രമേ താൻ അവിടെ പോയിട്ടുള്ളൂ. അവിടത്തെ ജീവനക്കാർ വളരെ മാന്യമായിട്ടാണ് തന്നോട് പെരുമാറിയതെന്നും നടി കൂട്ടിച്ചേർത്തു.
ഹണി റോസിനെ കുറേക്കാലമായി ബോബി ചെമ്മണ്ണൂർ ടാർഗറ്റ് ചെയ്യുകയാണെന്ന് തോന്നിയിട്ടുണ്ട്. ഒരു ഘട്ടം കഴിയുമ്പോൾ ആരായാലും പ്രതികരിച്ചു പോകും. ഹണി റോസ് ബോബി ചെമ്മണ്ണൂരിന്റെ പേര് പറഞ്ഞുകൊണ്ട് പരാതിയുമായി മുന്നോട്ടുവന്നതിൽ സന്തോഷമുണ്ട്. എന്നാൽ പലപ്പോഴും ഇത്തരം കേസുകൾ കോംപ്രമൈസിലേക്കാണ് പോകാണ്. ശിക്ഷ കിട്ടുന്നത് കാണാറില്ല. ഈ സംഭവത്തിൽ അങ്ങനെയുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നതായും മെറീന വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |