
പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്ന നിരവധി പേരുണ്ട്. പതിനെട്ടാം വയസിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ തോളിലിട്ടതിനെക്കുറിച്ച് കുറിപ്പുമായെത്തിയിരിക്കുകയാണ് നടി ദേവനന്ദ. 2023ൽ പുറത്തിറങ്ങിയ 'സായവനം' എന്ന ചിത്രത്തിനുവേണ്ടിയാണ് നടി മൂർഖനെ തോളിലിട്ടത്.
ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരവും നടിയെ തേടിയെത്തി. ഇതിനുപിന്നാലെയാണ് നടിയുടെ വികാരനിർഭരമായ കുറിപ്പ്. പാമ്പിനെ തോളിലിട്ടുകൊണ്ടുള്ള സീനിന്റെ ചിത്രീകരണ വീഡിയോയും നടി കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിച്ചത്.
'പതിനെട്ടാം വയസിൽ ഞാൻ എന്റെ ഭയത്തെ നേരിട്ടത് ഇങ്ങനെയാണ്. പാമ്പിനെ തോളിലിട്ടു, എന്റെ ഹൃദയം സായവനത്തിന് നൽകി. കഠിനാദ്ധ്വാനം, വിശ്വാസം, ചെറിയ ഭ്രാന്ത്... അവിടെയാണ് സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നത്. അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള പുരസ്‌കാരം. ചിത്രീകരണ വേളയിലെ ഓരോ കഷ്ടപ്പാടും ഈ കിരീടത്തിന്റെ മൂല്യം കൂട്ടുന്നു.'- നടി കുറിച്ചു.
മലയാളി സംവിധായകൻ അനിൽ കുമാർ ആണ് 'സായവനം' സംവിധാനം ചെയ്തത്. 90 മിനിട്ട് ദൈർഘ്യമാണ് ചിത്രത്തിനുള്ളത്. 29ാമത് കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഈ സിനിമ പ്രദർശിപ്പിച്ചിരുന്നു. സന്തോഷ് ദാമോദരൻ, സൗന്ദര രാജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |