
ബോഡി ഷെയ്മിംഗിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടി ഗൗരി കിഷൻ. തമിഴ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. ഭാരം എത്രയെന്ന് ചോദിച്ച യൂട്യൂബർക്കാണ് നടി ചുട്ടമറുപടി നൽകിയത്.
നിങ്ങൾ വിഡ്ഡിത്തരമാണ് ചോദിക്കുന്നതെന്ന് നടി പറഞ്ഞപ്പോൾ മാപ്പ് പറയണമെന്ന് പറഞ്ഞ് വ്‌ളോഗർമാർ തട്ടിക്കയറി. പത്ത് മിനിട്ടോളം അധിക്ഷേപം തുടർന്നു. ' നിങ്ങളാണോ എന്റെ ഭാരത്തെക്കുറിച്ച് ചോദിച്ചത്. അത് ഒട്ടും ബഹുമാനമില്ലാത്ത ചോദ്യമാണ്. വിഡ്ഡി ചോദ്യം ആണത്. ഹീറോയിനാണെന്ന് കരുതി ഞാൻ സീറോ സൈസിൽ ഇരിക്കണോ. നിങ്ങൾ ബോഡി ഷെയിമിംഗ് ആണ് ചെയ്തത്. അത് തെറ്റാണ്. ഞാൻ മാപ്പൊന്നും പറയില്ല. നിങ്ങളാണ് മാപ്പ് പറയേണ്ടത്. ഒരു ഫീമെയിൽ ക്യാരക്ടറിനെ ഇങ്ങനെ സെക്ഷ്വലൈസ് ചെയ്യണോ.'- ഗൗരി കിഷൻ ചോദിച്ചു.
സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും വേദിയിലുണ്ടായിരുന്നു. നടിയോട് വ്‌ളോഗർമാർ തട്ടിക്കയറുന്നത് കണ്ടിട്ടും ഇരുവരും ഒരക്ഷരം മിണ്ടിയില്ല. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയരുന്നുണ്ട്.
'ഒരു മുറി മുഴുവൻ പുരുഷന്മാർ ഇരിക്കുന്നു. അവിടെ എനിക്ക് വേണ്ടി ഞാൻ തന്നെ സംസാരിക്കേണ്ടി വന്നു. ഞാനിത് കേരളത്തിലും ഫെയ്സ് ചെയ്തിട്ടുണ്ട്. സിനിമയിൽ നായകൻ എന്നെ എടുത്തുയർത്തിയ ഒരു സീനുണ്ടായിരുന്നു. ആദ്യത്തെ പ്രസ് മീറ്റിൽ ഇവരെ എടുത്തുയർത്തിയപ്പോൾ എങ്ങനെയുണ്ടായിരുന്നെന്ന് ഹീറോയോട് ചോദിച്ചു. കളിതമാശ പോലെ എനിക്ക് തോന്നിയില്ല. അന്ന് പ്രതികരിച്ചില്ല. ഇങ്ങനെയൊരു ബോഡി ഷെയ്പ്പുള്ള ഹീറോയിനെ എന്തിന് കാസ്റ്റ് ചെയ്തുവെന്ന് സംവിധായകനോടാണ് ചോദിച്ചത്. ആ സമയത്ത് എന്റെ ടീമിലുള്ളവർ പോലും പ്രതികരിച്ചില്ല. നാളെയും വേറൊരു നടിയോട് ഇത് ചോദിക്കും. എന്റെ സിനിമയെപ്പറ്റിയോ കഥാപാത്രത്തെക്കുറിച്ചോ അവർക്കറിയേണ്ട.'- നടി ഒരു ചാനലിനോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |